ഭോപ്പാല്‍: നവംബറിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബി ജെ പിയെ അധികാരത്തിലെത്തിക്കണമെന്ന് മദ്ധ്യപ്രദേശിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
സത്‌നയില്‍ ഒരു മെഡിക്കല്‍ കോളേജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ മൂന്നാം തവണയും നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് അമിത് ഷാ പറഞ്ഞു. ഈ സര്‍ക്കാര്‍ ദളിതരുടെയും, ദരിദ്രരുടെയും പിന്നാക്ക സമുദായക്കാരുടെയും ഗോത്രവര്‍ഗക്കാരുടെയും സര്‍ക്കാര്‍ ആയിരിക്കുമെന്ന് 2014ല്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റപ്പോള്‍ അദ്ദേഹം വാഗ്ദ്ധാനം ചെയ്തിരുന്നു. ഒരു സര്‍ക്കാരിന്റെ മുന്‍ഗണനകള്‍ എന്തായിരിക്കണമെന്ന് അദ്ദേഹം ലോകത്തിന് കാണിച്ചുകൊടുത്തു. പാവങ്ങള്‍ക്ക് വേണ്ടിയുള്ള എല്ലാ പദ്ധതികളും നടപ്പിലാക്കിയെന്നും അദ്ദേഹം ഉറപ്പുവരുത്തി. ഇതാണ് ബി ജെ പിയുടെ മുഖമുദ്ര. ദരിദ്രരായ പാവപ്പെട്ടവരെ അന്തസോടെ ജീവിക്കാന്‍ പ്രാപ്തരാക്കുക എന്നര്‍ത്ഥമുള്ള ‘അന്ത്യോദയ’ എന്ന തത്വമാണ് ബി ജെ പി പാലിക്കുന്നത്.
കോണ്‍ഗ്രസിന്റെ ഭരണകാലത്ത് വീടുകളില്‍ ശൗചാലയങ്ങള്‍ ഇല്ലായിരുന്നു. പത്തുകോടി ശൗചാലയങ്ങളാണ് മോദി സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയത്. പട്ടികവര്‍ഗക്കാരും ഗോത്രസമുദായങ്ങളുമായിരുന്നു ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. മൂന്നുകോടി ജനങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കി. അഞ്ച് ലക്ഷം രൂപവരെ ആരോഗ്യ ഇന്‍ഷുറന്‍സുകള്‍ നല്‍കി. കൊവിഡ് കാലത്ത് എല്ലാവര്‍ക്കും വാക്‌സിനേഷന്‍ സൗജന്യമാക്കി. രാജ്യത്തെ മുഴുവനും കൊവിഡില്‍ നിന്ന് സംരക്ഷിച്ചു. കഴിഞ്ഞ രണ്ടരവര്‍ഷമായി 80 കോടിവരുന്ന പാവപ്പെട്ടവര്‍ക്ക് എല്ലാ മാസവും അഞ്ചുകിലോ അരി നല്‍കിവരുന്നു.
ഗോത്രസമുദായങ്ങളിലെ സ്വാതന്ത്ര്യസമരസേനാനികളെ ആദരിക്കാന്‍ രാജ്യത്തുടനീളമായി പത്ത് സ്‌മാരകങ്ങള്‍ 200 കോടി രൂപ ചെലവില്‍ പണിയുകയാണ്. കോണ്‍ഗ്രസ് ഒരിക്കലും ഒരു ഗോത്രവര്‍ഗ അംഗത്തെ ഇന്ത്യയുടെ രാഷ്ട്രപതിയാക്കിയിട്ടില്ല. എന്നാല്‍ ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതി ഭവനിലെ ഉന്നത ഓഫീസില്‍ ഇരുത്തി ഇന്ത്യയിലെ ഗോത്രങ്ങളോടുള്ള ആദരവ് പ്രകടിപ്പിച്ചത് പ്രധാനമന്ത്രി മോദിയാണെന്നും അമിത് ഷാ വ്യക്തമാക്കി.

