പ്രായം 35, ട്വന്റിയില്‍ സൈഡ് ബെഞ്ചില്‍, 98 റണ്‍സുമായി തിരിച്ചുവരവ്; ധവാന്റെ ശരീരഭാഷയെ പ്രശംസിച്ച്‌ കോഹ്ലി

ഇം​ഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്കോര്‍ നേടി വിജയത്തിലേക്ക് നീങ്ങിയതില്‍ ശിഖാര്‍ ധവാന്റെ പങ്ക് വലുതാണ്. ഇം​ഗ്ലണ്ടിനെതിരായ ആ​​ദ്യ ട്വന്റി-20യ്ക്ക് ശേഷം അവസരങ്ങള്‍ ലഭിക്കാതിരുന്ന ശിഖാര്‍ ധവാന്‍ മികച്ച ഇന്നിങ്സ് കാഴ്ചവെച്ചതോടെ ടീമിലെ ഓപ്പണറ്‍ സ്ഥാനം കൂടിയാണ് ഉറപ്പിച്ചത്. 106 പന്തില്‍ നിന്നും 11 ഫോറും രണ്ടും സിക്സും അടക്കം 98 റണ്‍സ് നേടി, സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ വെച്ചാണ് ധവാന്‍ ഔട്ടായത്. ഡിസംബറില്‍ 36 വയസ് തികയുന്ന ധവാന്‍ 2023ലെ ലോകകപ്പ് കളിക്കാന്‍ കാണുമോ എന്ന ചോദ്യങ്ങള്‍ ഉയരുന്നതിനിടെയാണ് ഉജ്ജ്വലമായി തിരിച്ചുവരവ് നടത്തിയത്.

ആദ്യ ട്വന്റി-20യ്ക്ക് ശേഷം കളിക്കാതിരുന്നിട്ടും ഏകദിനത്തില്‍ ധവാന്റെ ശരീരഭാഷ വളരെ മികച്ചതായിരുന്നുവെന്നാണ് നായകന്‍ കോഹ്ലി മത്സരശേഷം പറഞ്ഞത്. ധവാന്റെ ഇന്നിങ്സിനെ പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തു കോഹ്ലി. രണ്ടാം വിക്കറ്റില്‍ കോഹ്ലിക്കൊപ്പം 105 റണ്‍സിന്റെ കൂട്ടുകെട്ട് ധവാന്‍ ഉണ്ടാക്കിയിരുന്നു.

സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ പുറത്തായെങ്കിലും അതില്‍ തനിക്ക് വിഷമം ഇല്ലെന്നാണ് ധവാന്‍ മത്സരശേഷം വ്യക്തമാക്കിയത്. തിരിച്ചുവരവിനായി ശ്രമിക്കുകയായിരുന്നു. ജിമ്മിലും ഓട്ടത്തിലും നെറ്റ് സെഷനുകളിലും നന്നായി പരിശ്രമിച്ചു. അതിനൊക്കെ ഫലമുണ്ടായി. പ്രകടനത്തില്‍ സന്തോഷം തോന്നുന്നുണ്ട്. 98 റണ്‍സില്‍ പുറത്തായതില്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ കുറച്ച്‌ സങ്കടം തോന്നുന്നുണ്ടാകും. എന്നാല്‍ ഞാന്‍ അങ്ങനെ അധികം സങ്കടപ്പെടുകയോ, സന്തോഷിക്കുകയോ ചെയ്യുന്ന ആളല്ല. 100 റണ്‍സ് നേടാനുളള തിരക്കിലുമായിരുന്നില്ല. ഒരു ഷോട്ടിന് ശ്രമിച്ചപ്പോള്‍ പുറത്തായി. ഇനിയും സമയമുണ്ടല്ലോ എന്നും മാന്‍ ഓഫ് ദ മാച്ച്‌ പുരസ്കാരം വാങ്ങിയശേഷം ധവാന്‍ പറഞ്ഞു. 2019 ജൂണിന് ശേഷം ധവാന്‍ ഏകദിനത്തില്‍ സെഞ്ചുറി നേടിയിട്ടില്ല.

ഇം​ഗ്ലണ്ടിനെതിരായ അവസാന നാല് ട്വന്റി-20 മത്സരങ്ങളില്‍ ടീമിലെ പന്ത്രണ്ടാമനായിരുന്നു ധവാന്‍. കളിക്കാതിരുന്ന സമയത്ത് ടീമിനായി എന്താണ് നല്‍കാന്‍ കഴിയുക എന്നാണ് താന്‍ ചിന്തിച്ചിരുന്നതെന്നും ധവാന്‍ പറയുന്നു. ടീമിലെ നല്ല പന്ത്രണ്ടാമന്‍ ആകാനായിരുന്നു ശ്രമിച്ചതെന്നും ചിരിയോടെ ധവാന്‍ പറഞ്ഞു. തലയില്‍ വെച്ചുകൊണ്ട് ​ഗ്രൗണ്ടില്‍ താരങ്ങള്‍ക്ക് വെളളം കൊണ്ട് കൊടുക്കുന്നതും പോസിറ്റീവായിട്ടാണ് കണ്ടിരുന്നത്. തനിക്ക് അവസരം കിട്ടുമ്ബോള്‍ റണ്‍സ് നേടാന്‍ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

prp

Leave a Reply

*