അന്ത 51ല്‍ ഒരാള്‍ പുരുഷന്‍, ബാക്കി മിക്കവരും 50 വയസ് പണ്ടേ കഴിഞ്ഞവര്‍: അഡ്വ. ജയശങ്കര്‍

പത്തനംതിട്ട: ശബരിമലയില്‍ പ്രവേശിച്ചു എന്ന് അവകാശപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അമ്പത്തിയൊന്ന് യുവതികളുടെ പേരുവിവരങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ മാദ്ധ്യമങ്ങളുടെ അന്വേഷണത്തില്‍ സര്‍ക്കാര്‍ നല്‍കിയ വിവരത്തില്‍ പല പൊരുത്തക്കേടുകളും കണ്ടെത്തിയിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് അഡ്വ. ജയശങ്കര്‍.

സര്‍ക്കാരിനെ കുഴപ്പത്തിലാക്കാന്‍ വേണ്ടി സ്ത്രീകള്‍ ഉളളതിനേക്കിനേക്കാള്‍ പ്രായം കൂട്ടിപ്പറഞ്ഞതോ രജിസ്‌ട്രേഷന്‍ സമയത്ത് അവരുടെ വയസു കുറച്ചു വച്ചതോ ആവാമെന്നും ഏതായാലും കമ്യൂണിസ്റ്റ് വിരുദ്ധര്‍ക്ക് സന്തോഷിക്കാമെന്നും അദ്ദേഹം കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

അന്ത 51 പെണ്‍കള്‍!

ബിന്ദുവും കനകദുര്‍ഗയും തലനരപ്പിച്ച മഞ്ജുവും മാത്രമല്ല ആകെ മൊത്തം 51 ‘യുവതി’കള്‍ പതിനെട്ടാംപടി കയറി അയ്യപ്പ ദര്‍ശനം നടത്തി എന്ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. വെറുതെ വായ് കൊണ്ട് പറയുകയല്ല, ഭക്ത യുവതികളുടെ പേരും വിലാസവും വയസ്സുമൊക്കെ കൃത്യമായി രേഖപ്പെടുത്തിയ സ്റ്റേറ്റ്‌മെന്‍റ് ഹാജരാക്കി.

വാര്‍ത്തയറിഞ്ഞ് മാമൂല്‍ പ്രിയന്മാര്‍ ഞെട്ടി; ആര്‍ത്തവ പ്രേമികള്‍ ആര്‍പ്പു വിളിച്ചു. സൈബര്‍ സഖാക്കള്‍ ഇരട്ട ചങ്കനെ പാടിപ്പുകഴ്ത്തി. എന്തുചെയ്യാം? ഇന്നാട്ടിലെ മാധ്യമ പരിഷകള്‍ വിട്ടില്ല. അന്ത 51ല്‍ ഒരാള്‍ പുരുഷന്‍, ബാക്കി മിക്കവരും 50വയസ് പണ്ടേ കഴിഞ്ഞവര്‍! അതോടെ ദേവസ്വം ബോര്‍ഡും ദേവസ്വം മന്ത്രിയും കൈകഴുകി.

ഒരുപക്ഷേ, ഭക്ത വനിതകള്‍ രജിസ്‌ട്രേഷന്‍ സമയത്ത് അവരുടെ വയസു കുറച്ചു പറഞ്ഞതാകാം അതല്ലെങ്കില്‍ ദര്‍ശനം കഴിഞ്ഞു സര്‍ക്കാരിനെ കുഴപ്പത്തിലാക്കാന്‍ വേണ്ടി ഉളളതിനേക്കിനേക്കാള്‍ പ്രായം കൂട്ടിപ്പറഞ്ഞതും ആകാം. ഏതായാലും കമ്യൂണിസ്റ്റ് വിരുദ്ധര്‍ക്കു സന്തോഷിക്കാന്‍ വകയായി.

നവോത്ഥാന നായകനേ, ശരണമയ്യപ്പ!

prp

Related posts

Leave a Reply

*