ലക്‌നൗ: അയല്‍ക്കാരായ ഒരു സംഘം യുവാക്കളുടെ ശല്യം സഹിക്കാന്‍ കഴിയാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനും ഒരു അച്ഛന്‍റെ കത്ത്. നാല് പെണ്‍മക്കളാണ് തനിക്കെന്നും, 12,14,16,17 വയസുള്ള അവരെ യുവാക്കള്‍ വീട്ടില്‍ കയറി ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്നും കത്തില്‍ പിതാവ് പറയുന്നു.
വീട്ടില്‍ കഴിയുക പോലും ദുഷ്‌കരമായിരിക്കുകയാണ്. പെണ്‍മക്കളുടെ ജീവന് എന്തു സംഭവിക്കുമെന്ന ഭയം തന്നെ നിരന്തരം വേട്ടയാടുകയാണെന്നും കത്തിലുണ്ട്. യു.പിയിലെ മവാന സ്വദേശിയായ ഇയാള്‍ കഴിഞ്ഞ ഞായറാഴ്‌ചയാണ് കത്തയച്ചത്.
ശനിയാഴ്ച ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ യുവാക്കള്‍ പെണ്‍കുട്ടികളെ ആക്രമിക്കുകയും ആസിഡ് ആക്രമണം നടത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും അവരുടെ വീട്ടുകാരോടു പരാതിപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ലെന്നും മാസങ്ങളായി ഇവരുടെ ശല്യം തുടരുകയാണെന്നും പറയുന്നു.
അതേസമയം, സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നുമാണ് പൊലീസ് ഭാഷ്യം.

