ദുബൈ: സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്.എം.എ) എന്ന അപൂര്‍വ ജനിതകരോഗം ബാധിച്ച ഒന്നര വയസ്സുകാരന്റെ ചികിത്സക്കായി നാല് ദിവസത്തിനുള്ളില്‍ സ്വരൂപിച്ചത് 66 ലക്ഷം ദിര്‍ഹം (14.5 കോടി രൂപ).
അബ്ദുല്‍കരീം അബ്ദുല്ല എന്ന വിദേശ പൗരന്റെ മകനായ മുഹൈബിനു വേണ്ടിയാണ് സുമനസ്സുകള്‍ കൈകോര്‍ത്തത്. യു.എ.ഇയുടെ അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയുടെ ആഹ്വാനപ്രകാരമാണ് പ്രവാസികള്‍ ചേര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ചികിത്സ തുക സ്വരൂപിച്ചത്.
2021 മേയില്‍ ജനിച്ച മുഹൈബിനെ കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ദുബൈ അല്‍ ജലീലിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ചിലാണ് എസ്.എം.എ ബാധിതനാണെന്ന് തിരിച്ചറിഞ്ഞത്. സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. സോള്‍ജെസ്മ കുത്തിവെപ്പ് മാത്രമായിരുന്നു ഏക ആശ്രയം. കുത്തിവെപ്പിന് 80 ലക്ഷം ദിര്‍ഹം വേണമെന്നറിയിച്ചതോടെ കുടുംബം പ്രതിസന്ധിയിലായി. ആശുപത്രി അധികൃതരുടെ സഹായവും കഴിഞ്ഞ് 66 ലക്ഷം ദിര്ഹമുണ്ടെങ്കിലേ കുത്തിവെപ്പെടുക്കാന്‍ കഴിയൂ എന്ന അവസ്ഥയായി. മാസം 6000 ദിര്‍ഹം ശമ്ബളമുള്ള അബ്ദുല്ലക്ക് താങ്ങാവുന്നതായിരുന്നില്ല ഈ ചിലവ്. ഷാര്‍ജയില്‍ ചെറിയൊരു സ്റ്റുഡിയോ അപ്പാര്‍ട്മെന്റില്‍ വാടകക്ക് താമസിക്കുന്ന അബ്ദുല്ല വിവിധ ജീവകാരുണ്യ സംഘടനകളുടെ സഹായം തേടി.
വിവിധ സംഘടനകള്‍ ചേര്‍ന്ന് 26 ലക്ഷം ദിര്‍ഹം സ്വരൂപിച്ചു. ബാക്കി 40 ലക്ഷം ദിര്‍ഹം ഇന്റര്‍നാഷനല്‍ ചാരിറ്റി ഓര്ഗനൈസേഷന് സ്വരൂപിച്ച് നല്‍കുകയായിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ മുഹൈബിന് കുത്തിവെപ്പ് നല്‍കും.

