ധോണിയുടെ മകള്‍ക്ക് ലയണല്‍ മെസ്സിയുടെ സ്നേഹ സമ്മാനം; കൈയൊപ്പിട്ട അര്‍ജന്‍റീനന്‍ ജഴ്സി

ഇന്ത്യന്‍ ടീം കണ്ട മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായിരുന്നു മഹേന്ദ്ര സിങ് ധോണി. സമ്മര്‍ദമില്ലാതെ കളിച്ച്‌ അനായാസം കളി ജയിപ്പിക്കുന്ന ബെസ്റ്റ് ഫിനിഷര്‍.

ധോണി ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ വലിയ ആരാധകനാണ്. താരത്തിന്‍റെ ഫുട്ബാള്‍ സ്നേഹത്തെ കുറിച്ച്‌ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി മുമ്ബ് വെളിപ്പെടുത്തിയിരുന്നു.

ഫുട്ബാള്‍ കളിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്.സിയുടെ സഹഉടമസ്ഥനാണ്. താരം ഫുട്ബാള്‍ കളിക്കുന്നതിന്‍റെ വിഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഫുട്ബാളില്‍നിന്ന് താരത്തെ വേര്‍പിരിക്കുക അസാധ്യമാണ്. അതുകൊണ്ടുതന്നെ ഫുട്ബാള്‍ താരങ്ങളുമായി അടുത്തബന്ധമാണ് താരം കാത്തുസൂക്ഷിക്കുന്നത്. അതിനുള്ള ഏറ്റവും വലിയ തെളിവാണ് ധോണിയുടെ ഏഴു വയസ്സുള്ള മകളെ തേടിയെത്തിയ സൂപ്പര്‍താരം ല‍യണല്‍ മെസ്സിയുടെ സ്നേഹ സമ്മാനം.

‘സിവക്കുവേണ്ടി’ എന്നെഴുതി കൈയൊപ്പിട്ട അര്‍ജന്‍റീനന്‍ ദേശീയ ടീമിന്‍റെ ജഴ്സിയാണ് മെസ്സി അയച്ചുകൊടുത്തത്. ഈ ജഴ്സിയും ധരിച്ച്‌ നില്‍ക്കുന്ന സിവയുടെ ചിത്രം അവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചു. ‘അച്ഛനെപ്പോലെ, മകളെപ്പോലെ’ എന്ന കാപ്ഷനോടൊപ്പം മെസ്സിയുടെ കൈയൊപ്പില്‍ സിവ വിരല്‍ ചൂണ്ടി നില്‍ക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനകം രണ്ടു ലക്ഷത്തിലധികം പേരാണ് ചിത്രം ലൈക്ക് ചെയ്തത്.

വ്യത്യസ്ത കായിക ഇനങ്ങളാണെങ്കിലും മെസ്സിയും ധോണിയും അവരുടെ രാജ്യത്തിനുവേണ്ടി ലോകകപ്പുകള്‍ നേടി കൊടുത്തവരാണ്. വിശ്വകിരീടം ചൂടുമ്ബോള്‍ ഇരുവരും ടീമിന്‍റെ നായകപദവിയിലും. ധോണിയുടെ മകള്‍ സിവക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ ആരാധകരുണ്ട്. ‘അമ്ബലപ്പുഴ ഉണ്ണിക്കണ്ണനോട് നീ’ എന്നു തുടങ്ങുന്ന ഗാനം പാടി നേരത്തെ തന്നെ സിവ മലയാളികളുടെ മനസ്സില്‍ ഇടംനേടിയിരുന്നു.

prp

Leave a Reply

*