കൊല്ലം: ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാന ജംഗ്ഷനുകളില്‍ എലിവേറ്റഡ് ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കാനുള്ള തീരുമാനം നീളുന്നു.
കരുനാഗപ്പള്ളി, കൊട്ടിയം, പാരിപ്പള്ളി, ചാത്തന്നൂര്‍ എന്നിവിടങ്ങളിലാണ് ജില്ലയില്‍ എലിവേറ്റഡ് ഫ്‌ളൈ ഓവര്‍ അലോചനയിലുള്ളത്.
നിലവിലെ രൂപരേഖ പ്രകാരം എല്ലാ ജംഗ്ഷനുകളിലും ആര്‍.ഇ വാള്‍ അണ്ടര്‍പാസാണുള്ളത്. നിശ്ചിത ദൂരത്തില്‍ നിന്ന് ആറുവരിപ്പാത മണ്ണിട്ട് ഉയര്‍ത്തി വന്ന ശേഷം ജംഗ്ഷനില്‍ അണ്ടര്‍പാസിന് അടിയിലൂടെ വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള സൗകര്യമൊരുക്കുന്നതാണ് ആര്‍.ഇ വാള്‍ മാതൃക. ഇത് ജംഗ്ഷനുകളിലെ വ്യാപാര സ്ഥാപനങ്ങളെ സാരമായി ബാധിക്കും.
നിലവില്‍ പ്രധാന ജംഗ്ഷനുകളില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്ക് റോഡ് മുറിച്ച് കടക്കാനുള്ള സൗകര്യമുണ്ട്. ആര്‍.ഇ വാള്‍ വരുമ്ബോള്‍ അണ്ടര്‍പാസ് ഒന്നോരണ്ടോ സ്ഥലങ്ങളില്‍ മാത്രമായി ചുരുങ്ങും. അണ്ടര്‍പാസിലേക്ക് വാഹനങ്ങള്‍ കൂട്ടത്തോടെ എത്തുന്നത് ഗതാഗതക്കുരുക്കിനും ഇടയാക്കും. ഈ സാഹചര്യത്തിലാണ് പ്രധാന ജംഗ്ഷനുകളില്‍ തൂണുകള്‍ക്ക് മുകളില്‍ റോഡ് നിര്‍മ്മിക്കുന്ന എലിവേറ്റഡ് ഫ്‌ളൈ ഓവര്‍ വേണമെന്ന ആവശ്യം ഉയര്‍ന്നത്.
കരുനാഗപ്പള്ളിയില്‍ ഒതുങ്ങുമോ?
കരുനാഗപ്പള്ളി, കൊട്ടിയം, പാരിപ്പള്ളി, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ എലിവേറ്റഡ് ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കുന്നത് പരിഗണിക്കാമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിക്ക് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കിയതാണ്. ഇതിന്റെ ഭാഗമായി ഈ സ്ഥലങ്ങളില്‍ ട്രാഫിക് സര്‍വ്വേയും നടത്തിയിരുന്നു. അന്തിമ തീരുമാനം എടുക്കുന്നതിന് മുന്നോടിയായി ഇക്കാര്യത്തില്‍ കരാറുകാരുമായി ചര്‍ച്ച നടക്കുകയാണെന്നാണ് ദേശീയപാത അതോട്ടി അധികൃതര്‍ പറയുന്നത്. എലിവേറ്റഡ് ഫ്‌ളൈ ഓവര്‍ ഒരുപക്ഷേ കരുനാഗപ്പള്ളിയില്‍ മാത്രമായി ഒതുങ്ങാനും സാദ്ധ്യതയുണ്ട്. ഫ്‌ളൈ ഓവര്‍ നിര്‍മ്മാണത്തിന് ആര്‍.ഇ വാളിനേക്കാള്‍ തുക കൂടുതല്‍ ചെലവാകും. ഇതിന് പുറമേ അപകടസാദ്ധ്യത കുറവാണെന്നാണ് ദേശീയപാത അതോറിട്ടിയുടെ നിലപാട്.

