ശബരിമല കേസ്;റിവ്യൂ ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ ഇനിയും വൈകും

ന്യൂ​ഡ​ല്‍​ഹി: ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന് പറയാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. അവധിയിലുളള ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര തിരിച്ചെത്തിയതിന് ശേഷം മാത്രമെ തിയതി നല്‍കാന്‍ കഴിയൂ.

പുനഃപരിശോധന ഹര്‍ജികള്‍ ഭരണഘടനാബെഞ്ച് എപ്പോള്‍ പരിഗണിക്കുമെന്ന് അഡ്വ. മാത്യൂസ് നെടുമ്പാറ ആരാഞ്ഞപ്പോളായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ പ്രതികരണം. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ജനുവരി 30 വരെ അവധിയിലാണ്. അവരുടെ സൗകര്യം അറിയാതെ തീയതി നല്‍കാന്‍ ആകില്ല. അവരുടെ സൗകര്യം നോക്കി കേസ് പരിഗണിക്കുന്ന തീയതി നിശ്ചയിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

കോടതി വെബ്സൈറ്റില്‍ കാണിച്ചിരിക്കുന്ന താല്‍ക്കാലിക തീയ്യതി പ്രകാരം ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുളള റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതി ഫെബ്രുവരി എട്ടിന് പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചെന്നൈ സ്വദേശി വിജയകുമാര്‍, മുംബൈ സ്വദേശി ശൈലജ വിജയന്‍, വിശ്വ ഹിന്ദു പരിഷിത് നേതാവ് എസ് ജയരാജ് കുമാര്‍ എന്നിവരും അഖില ഭാരതീയ മലയാളീ സംഘ് എന്ന സംഘടനയും ആണ് റിട്ട് ഹര്‍ജികള്‍ നല്‍കിയിരിക്കുന്നത്.

കമ്പ്യൂട്ടര്‍ ജനറേറ്റഡ് തീയ്യതി ആയതിനാല്‍ ഫെബ്രുവരി എട്ട് എന്നത് അന്തിമമല്ല. അന്തിമ ലിസ്റ്റ് വരുമ്പോള്‍ തിയതി മാറാനും സാധ്യത ഉണ്ടെന്നാണ് വിലയിരുത്തല്‍. പുനഃപരിശോധനാ ഹര്‍ജികള്‍ തീര്‍പ്പാക്കിയ ശേഷമേ റിട്ട് ഹര്‍ജികള്‍ പരിഗണിക്കുവെന്ന് നേരത്തെ ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. അതിനാല്‍ തന്നെ ഫെബ്രുവരി എട്ടിന് മുന്‍പ് പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാനുളള സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഫെബ്രുവരി ഒന്ന് വരെ പരിഗണിക്കുന്ന ഹര്‍ജികളില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

യുവതി പ്രവേശനത്തിനെതിരായ വിധിക്കെതിരെ നിരവധി റിവ്യൂ ഹര്‍ജികളാണ് സുപ്രീംകോടതിയിലെത്തിയത്. എല്ലാ ഹര്‍ജികളും ജനുവരി 22ന് ഒരുമിച്ച്‌ പരിഗണിക്കാമെന്നായിരുന്നു സുപ്രീം കോടതി അറിയിച്ചിരുന്നത്. എന്നാല്‍ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര അവധിയായതിനാലാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിയത്. ശബരിമല യുവതീപ്രവേശം തടയണമെന്നാവശ്യപ്പെടുന്ന നാല് റിട്ട് ഹര്‍ജികളും അമ്പത് പുനഃപരിശോധനാഹര്‍ജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുളളത്.

prp

Related posts

Leave a Reply

*