കോട്ടയത്ത് പതിനഞ്ചുകാരിയെ കാമുകന്‍ കൊന്നു കുഴിച്ചുമൂടി

കോട്ടയം: മണര്‍കാടിന് സമീപം അരീപ്പറമ്പില്‍ പതിനഞ്ചു വയസുകാരിയെ കാമുകന്‍ കൊന്നു കുഴിച്ചുമൂടി. രണ്ടു ദിവസം മുന്‍പ് പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്. മണര്‍കാട് മാലം സ്വദേശി അജീഷ് എന്ന യുവാവാണ് കേസിലെ പ്രധാന പ്രതി. ഇയാള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ച മുതലാണ് അയര്‍ക്കുന്നം സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതായത്. പിന്നാലെ മാതാപിതാക്കള്‍ പരാതിയുമായി അയര്‍ക്കുന്നം പോലീസിനെ സമീപിച്ചു. പോലീസ് പെണ്‍കുട്ടിയുടെ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് കാമുകനില്‍ എത്തിച്ചത്. പെണ്‍കുട്ടിയുടെ ഫോണിലേക്ക് അജീഷ് വിളിച്ചിരുന്നുവെന്ന് മനസിലാക്കി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.

അരീപ്പറമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന ചെന്നിക്കര ഹോളോ ബ്രിക്സ് കമ്പനിയുടെ പിന്നിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ കമ്പനിയിലെ ഡ്രൈവറാണ് പ്രതി അജീഷ്. ഇയാള്‍ പെണ്‍കുട്ടിയെ അനുനയത്തില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി പത്തടി താഴ്ചയുള്ള കുഴിയിലേക്ക് മൃതദേഹം തള്ളിയിട്ടു. പിന്നീട് പ്രതി കുഴിയിലിറങ്ങി മണ്ണു മാറ്റി മൃതദേഹം കുഴിച്ചിടുകയായിരുന്നു. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച്‌ പോലീസ് തെളിവെടുത്തു.

നഗ്നമാക്കപ്പെട്ട മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിലാണ് പോലീസ് പുറത്തെടുത്തത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സ്ഥലത്ത് പരിശോധന തുടരുകയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

prp

Related posts

Leave a Reply

*