പ്രളയബാധിതര്‍ക്ക് ആശ്വാസം പകര്‍ന്ന് ഊരാളി മ്യൂസിക് ബാന്‍ഡ്

തിരുവല്ല: ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ സ്‌കൂളുകളിലും കോളനികളിലും എത്തി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസം പകര്‍ന്ന് കേരളത്തിലെ ഏറ്റവും പ്രശസ്ത മ്യൂസിക്ക് ബാന്‍ഡായ ഊരാളി. വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്‍റെ ആഭിമുഖ്യത്തിലാണ് ഊരാളി സംഘം പ്രളയബാധിതര്‍ക്ക് മാനസിക ഉല്ലാസം പകരാനായി ജില്ലയിലെത്തിയത്.

തൃശൂര്‍ ഊരാളി മാര്‍ട്ടിന്‍റെ നേതൃത്വത്തിലുള്ള സംഘത്തില്‍ സജി, ജെയ്‌ജെ, മല്ലു എന്നിവര്‍ പങ്കെടുത്തു. ആറന്‍മുള എഴിക്കാട് കോളനി, ഇരവിപേരൂര്‍ മുട്ടുമ്ബുറം കോളനി, തെക്കേമല പന്നിവേലിച്ചിറ കോളനി, കടപ്ര കണ്ണശ്ശ സ്മാരക ഹയര്‍സെക്കണ്ടറി സ്‌കൂള്‍, സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുഴിക്കാല എന്നീ സ്ഥലങ്ങളില്‍ ഊരാളിസംഘം ഗ്രൂപ്പ് വര്‍ക്കും സംഗീത സംഭാഷണവും നടത്തി.

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ഇരുപതോളം കലാകാരന്മാര്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ ജില്ലയിലെത്തി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ട്രോമ കെയര്‍ ആര്‍ട് തെറാപ്പിയില്‍ പ്രത്യേക പരിശീലനം നേടിയ കലാകാരന്‍മാരും ഈ സംഘത്തിലുണ്ട്.

പ്രളയം കുട്ടികളില്‍ ഏല്‍പിച്ച മാനസിക ആഘാതങ്ങളില്‍ നിന്ന് അവരെ മോചിപ്പിക്കുന്നതിനും അവരുടെ സര്‍ഗാത്മകമായ ശേഷികളെ സജീവമാക്കി കൊണ്ട് അവര്‍ക്ക് പ്രത്യാശ പകരുന്നതിനായി കൗണ്‍സിലിംഗും, കലാ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെട്ടിട്ടുള്ള പ്രത്യേക മാനസികസാമൂഹ്യ ആരോഗ്യ പരിപാടികളാണ് ഇവര്‍ കുട്ടികള്‍ക്കായി നടത്തുന്നത്.

കഴിഞ്ഞ മാസം 30 മുതല്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, ഡി.സി.പി.യു ജീവനക്കാര്‍, കെ.എ.പി.എസ് അംഗങ്ങള്‍, ചൈല്‍ഡ് ലൈന്‍ പ്രതിനിധി എന്നിവര്‍ ഉള്‍പ്പെട്ട നാല് ഗ്രൂപ്പുകള്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച്‌ മാനസിക സാമൂഹ്യ ആരോഗ്യ പരിപാടികള്‍ നടത്തുന്നുണ്ട്.

prp

Related posts

Leave a Reply

*