ഇളയച്ഛന്‍ പാലത്തില്‍ നിന്നും വലിച്ചെറിഞ്ഞ കുട്ടിയെ കണ്ടെത്താന്‍ മത്സ്യത്തൊഴിലാളികളുടെ സഹായം തേടി പോലീസ്

മലപ്പുറം: ഇളയച്ഛന്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് വലിച്ചെറിഞ്ഞ ഒന്‍പതുകാരനെ കണ്ടെത്താന്‍ മത്സ്യത്തൊഴിലാളികളുടെ സഹായം തേടി പോലീസ് . ആനക്കയം പാലത്തില്‍നിന്നു കടലുണ്ടിപ്പുഴയിലേക്കു വലിച്ചെറിഞ്ഞ മുഹമ്മദ് ഷഹീനെ കണ്ടെത്താന്‍ ക്യാമറയുടെ സഹായത്തോടെ തിരച്ചില്‍ ആരംഭിക്കാനാണ് തീരുമാനം. പ്രളയത്തിനിടെ മൃതദേഹം കടലിലെത്തിയിട്ടുണ്ടോ എന്നും പോലീസ് സംശയിക്കുന്നു. അതിനാണ് മത്സ്യത്തൊഴിലാളികളുടെ സഹായം തേടിയിരിക്കുന്നത്.

സംഭവത്തില്‍ പിതൃ സഹോദരന്‍ എടയാറ്റൂര്‍ മക്കരത്തൊടി മുഹമ്മദ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ ആനക്കയം പാലത്തില്‍നിന്നു താഴേക്കു വലിച്ചെറിഞ്ഞുവെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയപ്പോള്‍ തന്നെ പാലത്തിന്‍റെ പരിസരങ്ങളിലെല്ലാം തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഒഴുക്കും വെളളവും കൂടുതലായതിനാല്‍ മുങ്ങല്‍ വിദഗ്ധര്‍ക്കു പോലും പുഴയില്‍ ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.

ഈ സാഹചര്യത്തില്‍ വെളളത്തില്‍ ഇറക്കുന്ന ക്യാമറകളുടെ സഹായത്തോടെ ചിത്രങ്ങള്‍ പകര്‍ത്തി പരിശോധന നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. വെളളത്തില്‍ ചെളിയും മണ്ണും അടിഞ്ഞു കൂടിയ സ്ഥലങ്ങളിലും ക്യാമറ ഉപയോഗിച്ചു പരിശോധന നടത്താനാകും. തടയണകളുടെ സംശയമുള്ള ഭാഗങ്ങളിലും കുത്തൊഴുക്കുളള സ്ഥലങ്ങളിലുമാണ് ആദ്യം പരിശോധന നടത്തുക.

വെളളപ്പൊക്കമുണ്ടായപ്പോള്‍ പുഴയില്‍നിന്നു വെളളം കയറിയ സ്ഥലങ്ങളിലെല്ലാം ഇതിനകം തന്നെ തിരച്ചില്‍ നടത്തിയിട്ടുണ്ട്. പോലീസും ഫയര്‍ഫോഴ്‌സും ട്രോമ കെയര്‍ വൊളന്‍റിയര്‍മാരും നാട്ടുകാരുമെല്ലാം സംയുക്തമായാണു തിരച്ചില്‍ നടത്തുന്നത്.

അതേസമയം പ്രതിയായ മുഹമ്മദ് തന്നെയാണ് കുട്ടിയെ കാണാതായ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി മുതിര്‍ന്ന നേതാക്കളേയും ജനപ്രതിനിധികളെയും കാണാനെത്തിയത്. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ഡിവൈ.എസ്.പിയോട് തന്നെ പലവട്ടം പരാതിപ്പെട്ടതും പ്രതി തന്നെയാണ്.

ഒന്‍പതു വയസുകാരന്‍ മുഹമ്മദ് ഷഹീനെ ആനക്കയം പാലത്തില്‍ നിന്ന് പുഴയിലേക്ക് എറിഞ്ഞ ശേഷം പ്രതി മുഹമ്മദ് നേരേ പോയത് ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്ന് കുട്ടിക്ക് വേണ്ടി തിരച്ചില്‍ നടത്താനാണ്. പോലീസില്‍ പരാതി നല്‍കിയിട്ടും കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്ന പരാതിയുമായി പിന്നാലെ സ്ഥലം എം എല്‍ എ പി. ഉബൈദുല്ലയെ കാണാന്‍ മുന്നിലുണ്ടായതും പ്രതി മുഹമ്മദാണ്. പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും മഞ്ഞളാംകുഴി അലി എംഎല്‍എ അടക്കമുളളവരെ കണ്ടും പോലീസിനെതിരെ പരാതിപ്പെട്ടതും പ്രതിയാണ്.

പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി. മോഹനചന്ദ്രനെ ഇടക്കിടെ ഫോണില്‍ വിളിച്ച്‌ അന്വേഷണത്തിലെ അതൃപ്തി അറിയിച്ചതും പ്രതി തന്നെയാണ്. മുഹമ്മദ് ഷഹീന്‍റെ          തിരോധാനത്തില്‍ പോലീസ് ആത്മാര്‍ഥമായി അന്വേഷണം നടത്തുന്നില്ലെന്ന് ആരോപിച്ച്‌ മേലാറ്റൂര്‍ സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിന് നേതൃത്വം നല്‍കാനും മുഹമ്മദ് തന്നെ മുന്‍നിരയിലുണ്ടായിരുന്നു.

ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന ആവശ്യത്തില്‍ നിന്ന് മറ്റു സമരനേതാക്കളെല്ലാം പിന്നോട്ടു പോയപ്പോഴും കുട്ടിയെ കാണാതായതിന്‍റെ നഷ്ടം തങ്ങള്‍ക്കാണെന്ന് പറഞ്ഞ് പോലീസിന് നേരെ തട്ടിക്കയറി നാടകം കളിച്ചതും മുഹമ്മദാണെന്ന് പോലീസ് പറയുന്നു.

prp

Related posts

Leave a Reply

*