ഗുണ്ടൂര്‍: ചിക്കന്‍ കറി ഉണ്ടാക്കി കൊടുത്തില്ലെന്ന കാരണത്താല്‍ അമ്മയെ മകന് ക്രൂരമായി കൊലപ്പെടുത്തി. ഗുണ്ടൂര്‍ സ്വദേശിയായ ബെജ്ജം മറിയാമ്മ(80) യെയാണ് മകന് ബെജ്ജം കിഷോര്‍ കൊലപ്പെടുത്തിയത്.
സ്ഥിരം മദ്യപാനിയാണ് കിഷോര്‍. ഇതിനാല്‍ തന്നെ മക്കളെയുമായി കിഷോറിന്റെ ഭാര്യ അകന്നു കഴിയുകയാണ്. തിങ്കളാഴ്ച ഉച്ചക്ക് ചിക്കന്‍ വാങ്ങിക്കൊണ്ട് വന്നിട്ട് അമ്മയോട് പാകം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഉച്ചക്ക് കറി ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട ശേഷം മദ്യപിക്കാന്‍ പോവുകയായിരുന്നു. തിരികെ ഉച്ചക്ക് ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ ചിക്കന്‍ പാകമായിട്ടില്ലെന്ന് കിഷോര്‍ അറിഞ്ഞു. തുടര്‍ന്ന് അമ്മയ്ക്ക് നേരെ ദേഷ്യപ്പെടുകയും കത്തിയെടുത്ത് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
അമ്മയെ കുത്തികൊലപ്പെടുത്തിയ ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് അയല്‍വാസിയാണ് മറിയാമ്മയെ കുത്തേറ്റ നിലയില്‍ കണ്ടെത്തുന്നത്. ഇയാള്‍ പോലീസില്‍ വിവരം അറിയിച്ചു. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത പോലീസ് കിഷോറിനായുള്ള തിരച്ചിലിലാണ്.

