കൊച്ചി: തീവണ്ടികളുടെ വൈകിയോട്ടം പരിഹരിക്കാന്‍ റെയില്‍വേ പുതിയ സംവിധാനം കൊണ്ടുവരുന്നു. യൂറോപ്യന്‍ ട്രെയിന്‍ കണ്ട്രോള് സിസ്റ്റം-2 (ഇ.ടി.സി.എസ്.-2) ആണ് ഇന്ത്യന്‍ റെയില്‍വേ ഇതിനായി കൊണ്ടുവരുന്നത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സമയകൃത്യത പാലിക്കാനുമാണ് ഇ.ടി.സി.എസ്.-2 റെയില്‍വേ അവതരിപ്പിക്കുന്നത്. സിഗ്നലിങ് സംവിധാനത്തിലെ പോരായ്മയും ട്രാക്കിലെ അറ്റകുറ്റപ്പണികളും തീവണ്ടികള്‍ക്ക് കൃത്യസമയം പാലിക്കാന്‍ കഴിയാതെ വരുന്നതായി അധികൃതര്‍ പറയുന്നു.
ഒരേ ദിശയിലേക്ക് ഏതാണ്ട് അടുത്തടുത്ത സമയത്ത് പുറപ്പെടുന്ന രണ്ട് തീവണ്ടിയുണ്ടെങ്കില്‍ പുതിയ രീതിയുടെ സഹായത്തോടെ ഇവ രണ്ടിനും ഒരേസിഗ്നല് ഉപയോഗിക്കാം. സിഗ്നലുകള്‍ക്കായി കാത്തുകിടക്കേണ്ടതില്ല. വന്‍ തിരക്കുള്ള റൂട്ടുകളിലിത് കൂടുതല്‍ പ്രയോജനപ്പെടും. രണ്ട് തീവണ്ടികള്‍ തമ്മില്‍ 500 മീറ്റര്‍ അകലം പാലിച്ച് ഒരേ ട്രാക്കില്‍ ഓടിക്കാന്‍ കഴിയും.
മുന്നില്‍ പോകുന്ന തീവണ്ടി എത്ര മുന്നിലാണെന്ന് പിന്നിലുള്ള തീവണ്ടിയിലെ ലോക്കോ പൈലറ്റിന് അറിയാനാവുന്നതിനാല് വേഗം ക്രമീകരിക്കാനാവും. ഇത് അപകടങ്ങളും കുറയ്ക്കും. ഉത്തരേന്ത്യന്‍ റെയില്‍വേയുടെ കൂടുതല്‍ തിരക്കുള്ള മേഖലയില്‍ ആദ്യം പരീക്ഷണം നടത്താനാണ് തീരുമാനം.

