കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ അറസ്റ്റിലായ അഭിഭാഷകന് സി പി ഉദയഭാനുവിനെ ചോദ്യംചെയ്യുന്നത് തുടരുന്നു. കുറ്റം നിഷേധിച്ച അദ്ദേഹം, രാജീവിനെ കൊലപ്പെടുത്താന്‍ താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ആദ്യ മൂന്ന് പ്രതികള്‍ക്ക് പറ്റിയ കൈയബദ്ധമാണ് കൊലപാതകമെന്നും ആരോപിച്ചു.
നഷ്ടമായ തന്റെ പണം തിരികെ ലഭിക്കാന്‍ രാജീവിന്റെ സ്വത്ത് സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നു. അതിനായി രാജീവിനെ ബന്ദിയാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ബന്ദിയാക്കാന്‍ ഏല്‍പ്പിച്ചവരാണ് കൊലപാതകം നടത്തിയത്. പ്രതികളായ ചക്കര ജോണിയും രഞ്ജിത്തുമാണ് എല്ലാം ചെയ്തതെന്നും ഉദയഭാനു പൊലീസിന് മൊഴി നല്കി. ജോണിക്ക് നിയമോപദേശം നല്‍കുക മാത്രമാണ് ചെയ്തതെന്നും ഉദയഭാനു പറഞ്ഞു.
ചാലക്കുടി സിഐ ഓഫീസില്‍ എത്തിച്ച ഉദയഭാനുവിനെ ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രി 10.15ഓടെയാണ് തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലെ സഹോദരന് പ്രതാപന്റെ വീട്ടില്‍നിന്ന് ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അദ്ദേഹത്തെ അറസ്റ്റ്ചെയ്തത്.

