തിരുവനന്തപുരം: എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് നേട്ടത്തിനായി ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ കുറ്റം ചുമത്തി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം യു.ഡി.എഫ് നേതാക്കളെ കുടുക്കിയ സോളാര്‍ പീഡനക്കേസില്‍ പ്രതികളായ ഏഴുപേരും കുറ്റക്കാരല്ലെന്ന് സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.ഉന്നത പൊലീസ് ഓഫീസര്‍മാര്‍ കേസ് നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയിട്ടും സി.ബി.ഐയെ ഇടതു സര്‍ക്കാര്‍ വിളിച്ചുവരുത്തിയ കേസിലാണ് ഈ തിരിച്ചടി.
ഉമ്മന്‍ചാണ്ടിയ്ക്കു പുറമേ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, എം.പിമാരായ ഹൈബി ഈഡന്‍, അടൂര്‍പ്രകാശ്, മുന്‍മന്ത്രിയും എം.എല്‍.എയുമായ എ.പി.അനില്‍കുമാര്‍, ബി.ജെ.പി അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടി, ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹിയിലെ സഹായിയായിരുന്ന തോമസ് കുരുവിള എന്നിവരായിരുന്നു പ്രതികള്‍.
പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, വഞ്ചന, കുറ്റകൃത്യങ്ങളില്‍ പങ്കാളിയാകല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഉമ്മന്‍ചാണ്ടിക്കെതിരെ ചുമത്തിയിരുന്നത്. പരാതിയില്‍ പറയുന്ന സമയത്ത് ഉമ്മന്‍ചാണ്ടിയും കെ.സി.വേണുഗോപാലുമൊഴികെയുള്ളവര്‍ ആ സ്ഥലങ്ങളില്‍ ഇല്ലായിരുന്നുവെന്ന് കണ്ടെത്തിയതാണ് നിര്‍ണായകമായത്. മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ പരിശോധനയിലും സംഭവം ചീറ്റിപ്പോയി.
ക്ലിഫ്ഹൗസിലും എം.എല്‍.എ ഹോസ്റ്റലിലും മന്ത്രിമന്ദിരങ്ങളിലും മാസ്കോട്ട് ഹോട്ടലിലും ഡല്‍ഹിയിലെ കേരളാ ഹൗസിലും പരാതിക്കാരിയുമായി തെളിവെടുപ്പ് നടത്തിയിരുന്നു. 10വര്‍ഷം മുന്‍പ് നടന്നതെന്ന് ‘ആരോപിക്കപ്പെട്ട’ സംഭവത്തില്‍, പരാതിക്കാരിയെ പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
`ക്ളിഫ് ഹൗസ് മാെഴി’ പാളിയത് ഇങ്ങനെ
ഒരു മന്ത്രിയുമായി തനിക്കുണ്ടായിരുന്ന വഴിവിട്ട ബന്ധത്തെതുടര്‍ന്ന് മുന്‍ഭര്‍ത്താവുമായുള്ള കുടുംബപ്രശ്നം ചര്‍ച്ചചെയ്യാന്‍ 2012സെപ്തംബര്‍ 19ന് ക്ലിഫ്ഹൗസില്‍ പോയപ്പോള്‍ ഉമ്മന്‍ചാണ്ടിയില്‍ നിന്ന് ദുരനുഭവമുണ്ടായെന്നാണ് മൊഴി. ക്ലിഫ്ഹൗസിലെത്തിച്ചത് ഡ്രൈവര്‍ ശ്രീജിത്താണെന്നും സന്ദീപാണെന്നും മൊഴിമാറ്റി. ഡ്രൈവര്‍മാര്‍ മൊഴി തള്ളി. ദൃക്സാക്ഷിയാണെന്ന പി.സി.ജോര്‍ജ്ജിന്റെ മൊഴിയും കളവെന്ന് സി.ബി.ഐ കണ്ടെത്തി. ഡല്‍ഹിയിലെ ഉമ്മന്‍ചാണ്ടിയുടെ സഹായി തോമസ് കുരുവിളയ്ക്ക് 1.9കോടി നല്‍കിയെന്ന് തെളിയിക്കാന്‍ രേഖകളോ ബാങ്കിടപാടിന്റെ വിവരങ്ങളോ ഹാജരാക്കാന്‍ പരാതിക്കാരിക്കായില്ല.
മൊഴി മാറ്റി, സി.ഡി ശൂന്യം
1.മജിസ്ട്രേറ്റിനു മുന്നില്‍ പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയെങ്കിലും പിന്നീട് മൊഴി മാറ്റി.തെളിവുകള്‍ നല്‍കിയില്ല.
2.പല ഫോണുകളില്‍ നിന്നും പകര്‍ത്തിയതാണ് തെളിവായി ഹാജരാക്കിയ ഫോണ്‍സംഭാഷണങ്ങള്‍.
വേണുഗോപാലിനെതിരെ ഡിജിറ്റല്‍ തെളിവെന്നു പറഞ്ഞ് നല്‍കിയ സി.ഡികള്‍ ശൂന്യമായിരുന്നു.
3.ചികിത്സ തേടിയ ആശുപത്രിയുടെ വിവരം നല്‍കിയില്ല.
മൊഴിയിലുള്ള തൃശൂരിലെയും എറണാകുളത്തെയും ആശുപത്രികളില്‍ അവര്‍ ചികിത്സ തേടിയിരുന്നില്ല.
തിരഞ്ഞെടുപ്പായുധം
■2017: വേങ്ങര ഉപതിരഞ്ഞെടുപ്പ് നടന്ന ഒക്ടോബര്‍11നാണ്
ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.
■2019: ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ഹൈബി ഈഡന്‍, അടൂര്‍പ്രകാശ്, എ.പി.അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ കേസ്.
■2021:നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ജനുവരിയില്‍ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറി
പരാതിക്കാരിക്ക് എതിര്‍ക്കാം
ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരാതിക്കാരിക്ക് നോട്ടീസ് അയയ്ക്കും. റിപ്പോര്‍ട്ട് സ്വീകരിക്കരുതെന്ന് പ്രൊട്ടസ്റ്റ് കംപ്ലെയിന്റ് ഫയല്‍ ചെയ്യാം.
സി.ആര്‍.പി.സി 173(8)പ്രകാരം തുടരന്വേഷണം ആവശ്യപ്പെടാം. പുതിയ രേഖകള്‍ ഹാജരാക്കാം.
തുടരന്വേഷണം അനുവദിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാം.
” മനഃസാക്ഷിക്ക് നിരക്കാത്ത ഒരു പ്രവൃത്തിയും ചെയ്തിട്ടില്ല. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നയിച്ച് പൊതുപ്രവര്‍ത്തകരെ കളങ്കിതരായി മുദ്രകുത്തുന്നത് ശരിയല്ല”
-ഉമ്മന്‍ചാണ്ടി
”കോടതിയെ സമീപിക്കും. അബ്ദുള്ളക്കുട്ടിയെ വെള്ളപൂശാനാണ് മറ്റുള്ളവര്‍ക്കും സി.ബി.ഐ ക്ലീന്‍ചിറ്റ് നല്‍കിയത്. ”

