മുംബൈ: മുംബൈ മഹാരാഷ്ട്രയുടെ ഭാഗമാണെന്നും ആരുടെയും പിതൃസ്വത്തല്ലെന്നും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.മുംബൈയെ കേന്ദ്രഭരണ പ്രദേശമാക്കണമെന്ന കര്‍ണാടക മന്ത്രി ജെ. മധു സ്വാമിയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തെക്കുറിച്ച് കര്‍ണാടകയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രതികരണം നടത്തുന്നവരെ ശാസിക്കണമെന്ന് കേന്ദ്രമന്ത്രിയോട് അഭ്യര്‍ഥിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുംബൈയില്‍ ആരെങ്കിലും അവകാശവാദം ഉന്നയിക്കുന്നത് ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും സംസ്ഥാനത്തിന്റെ വികാരങ്ങള്‍ കര്‍ണാടക സര്‍ക്കാരിനെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അറിയിക്കുമെന്ന് നിയമസഭയില്‍ സംസാരിക്കവെ ഫഡ്നാവിസ് പറഞ്ഞു.
മഹാരാഷ്ട്രയും കര്‍ണാടകയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ മഹാരാഷ്ട്രയ്ക്കെതിരെ മധു സ്വാമി കര്‍ണാടക നിയമസഭയില്‍ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.
“ബെലഗാവിയെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കണമെന്ന് മഹാരാഷ്ട്ര നേതാക്കള്‍ ആഗ്രഹിക്കുന്നുവെന്ന് അറിഞ്ഞു. കേന്ദ്രഭരണ പ്രദേശങ്ങളാക്കാന്‍ കഴിയുന്ന രണ്ടോ മൂന്നോ നഗരങ്ങള്‍ രാജ്യത്ത് ഉണ്ടെന്ന് ഞാന്‍ അവരോട് പറയാന്‍ ആഗ്രഹിക്കുന്നു. അതില്‍ ഏറ്റവും മുന്നിലുള്ളത് മുംബൈയാണ്. മുംബൈ, ബോംബെ പ്രസിഡന്‍സി ആയിരുന്ന കാലത്ത് കേന്ദ്ര ഭരണ പ്രദേശം പോലെയായിരുന്നു. ആ ജനങ്ങള്‍ക്ക് രാജ്യത്തിന്റെ നന്മ വേണമെങ്കില്‍ വലിയ മനസ് കാണിച്ച് ബോംബെ കേന്ദ്ര ഭരണ പ്രദേശമാക്കുമെന്ന് പ്രഖ്യാപിക്കുക. മധു സ്വാമി പറഞ്ഞു.
ഇതിനു പിന്നാലെ കര്‍ണാടകയുടെ ഒരിഞ്ച് ഭൂമി പോലും വിട്ടുനല്‍കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും പറഞ്ഞു.
ഈ മാസം ആദ്യം അമിത് ഷായുമായി ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ വിഷയം സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു പാര്‍ട്ടിയും പുതിയ അവകാശവാദം ഉന്നയിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞിരുന്നു.

