കൊച്ചി: കൊച്ചി നഗരസഭയില്‍ നിലവിലെ ഭരണ സമിതി അധികാരത്തില്‍ വന്നിട്ട് അറുന്നൂറ്റിയമ്ബത് ദിവസം തികഞ്ഞിട്ടും വെള്ളക്കെട്ട് അടക്കമുള്ള വിഷയങ്ങളില്‍ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല എന്നാരോപിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓപ്പറേഷന് നിര്‍ഗുണ എന്ന പേരില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
യൂത്ത് കോണ്‍ഗ്രസ് എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ് സിജോ ജോസഫ് അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ മാര്‍ച്ച് ഹൈബി ഈഡന് എം.പി ഉദ്ഘാടനം ചെയ്തു. ചെറിയ മഴയില്‍ പോലും കൊച്ചി പോലൊരു വ്യവസായ നഗരം വെള്ളക്കെട്ടിലാവുന്നത് ശാസ്ത്രീയമായ രീതിയിലുള്ള ക്രമീകരണങ്ങള്‍ ഇല്ലാത്തതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തെരുവു നായ വിഷയത്തില്‍ എ.ബി.സി പദ്ധതി ഇഴഞ്ഞു നീങ്ങുകയാണെന്നും മതിയായ ഉദ്യോഗസ്ഥരും, തൊഴിലാളികളും ഇല്ലാത്തത് തെരുവുനായ പെരുകുന്നതിനും അപകടം വിളിച്ചു വരുത്തുന്നതിനും ഇടയാക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ചൂണ്ടികാട്ടി. എറണാകുളം കെ.പി.സി.സി ഓഫീസിനു മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് പോലീസ് നഗരസഭാ കവാടതിനു മുന്നില്‍ വച്ചു തടഞ്ഞു. കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് ആന്റണി കുരീതറ, മുന്‍ മേയര്‍ ടോണി ചമ്മണി,ഡിസിസി സെക്രട്ടറി കെ.വി.പി കൃഷ്ണകുമാര്‍,കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോഷി പള്ളന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, ജില്ലാ സെക്രട്ടറിമാരായ നോബല്‍ കുമാര്‍ പി.എ, ടിബിന്‍ ദേവസി, സഞ്ജയ് ജെയിംസ്, നഗരസഭ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

