ആഗ്ര: ബി.ജെ.പി നേതാക്കളുടെ വിവാദ പരാമര്‍ശങ്ങള്‍ കത്തി നില്‍ക്കവെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹല്‍ സന്ദര്‍ശിക്കാനെത്തി. പൊതു ശുചീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം അദ്ദേഹം ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. 500 ഓളം ബിജെപി പ്രവര്‍ത്തകരാണ് അദ്ദേഹത്തോടൊപ്പം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്.
താജ്മഹല്‍ സന്ദര്‍ശിക്കുന്ന ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. ഷാജഹാന് ചക്രവര്‍ത്തിയുടെയും മുംതാസിന്റെയും ശവകുടീരങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. സഞ്ചാരികള്‍ക്കായി ആഗ്രകോട്ടയില്‍ നിന്നും താജ്മഹലിലേക്കുള്ള പ്രത്യേക പാതയ്ക്കും അദ്ദേഹം തറക്കല്ലിട്ടു. 14000 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്.
താജ്മഹലിനെ കുറിച്ച് ബിജെപി നേതാക്കളും, മന്ത്രിമാരുമടക്കം വിവാദ പ്രസ്താവനകള്‍ നടത്തിയ പശ്ചാത്തലത്തില്‍ കൂടിയാണ് യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനം. കഴിഞ്ഞ മാസം യുപി സര്‍ക്കാര്‍ പുറത്തിറക്കിയ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്നും താജ്മഹലിനെ ഒഴിവാക്കിയത് ഏറെ വിവാദമായിരുന്നു. താജ്മഹലിന് ഇന്ത്യയുടെ ചരിത്രത്തില്‍ യാതൊരു സ്ഥാനവുമില്ലെന്നും സ്വന്തം പിതാവിനെ തുറുങ്കിലടച്ചയാളാണ് ഷാജഹാന് ചക്രവര്‍ത്തിയെന്ന തരത്തിലുള്ള പ്രസ്താവനയുമായി ഉത്തര്‍പ്രദേശിലെ ബിജെപിയുടെ യുവ എംഎല്‍എ സംഗീത് സോമും രംഗത്തെത്തിയിരുന്നു.
