യാക്കൂബ് വധക്കേസ്; 5 പ്രതികൾ കുറ്റക്കാർ; 11 പേരെ വെറുതെ വിട്ടു

കണ്ണൂർ പുന്നാട് യാക്കൂബ് വധക്കേസിൽ അഞ്ച് പ്രതികളെ കുറ്റക്കാരായി കണ്ടെത്തി. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയടക്കം പതിനൊന്ന് പ്രതികളെ കേസിൽ വെറുതെവിട്ടു. തലശ്ശേരി അഡി.സെഷൻസ് കോടതിയുടേതാണ് വിധി.

കീഴൂർ മീത്തലെപുന്നാട് ദീപംഹൗസിൽ ശങ്കരൻമാസ്റ്റർ (48), അനുജൻ വിലങ്ങേരി മനോഹരൻ എന്ന മനോജ് (42), തില്ലങ്കേരി ഊർപ്പള്ളിയിലെ പുതിയവീട്ടിൽ വിജേഷ് (38), കീഴൂർ കോട്ടത്തെക്കുന്നിലെ കൊടേരി പ്രകാശൻ എന്ന ജോക്കർ പ്രകാശൻ (48), കീഴൂർ പുന്നാട് കാറാട്ട്ഹൗസിൽ പി കാവ്യേഷ് (40) എന്നിവരാണ് കുറ്റക്കാരായി കണ്ടെത്തിയ അഞ്ച് പ്രതികൾ.

2006 ജൂൺ 13നാണ് കേസിനാസ്പദമായ സംഭവം. കല്ലിക്കണ്ടി ബാബുവിന്‍റെ വീട്ടിൽ സുഹൃത്തുക്കളുമായി സംസാരിച്ച് കൊണ്ടിരിക്കെ ബിജെപി പ്രവർത്തകർ വീട്ടിൽ അതിക്രമിച്ച് കടക്കുകയും രക്ഷപെടുന്നതിനിടെ യാക്കൂബ് അയൽ വീട്ടിൽ അഭയം തേടുകയും ചെയ്തു. ഇവിടെ എത്തിയ ബിജെപി പ്രവർത്തകർ യാക്കൂബിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്.

സംഭവത്തിൽ പരിക്കു പറ്റിയവരെയും സംഭവം നേരിൽ കണ്ടവരെയും കേസന്വേഷണത്തിന് മുഖ്യപങ്ക് വഹിച്ച ഡി വൈ എസ് പി പ്രിൻസ് അബ്രഹാം, കെ.മുരളീധരൻ, രതീഷ് കുമാർ, ഷിൻഡോ, വിനോദൻ, തുടങ്ങിയ 24 പേരെയാണ് പ്രോസിക്യൂഷന് വേണ്ടി വിസ്തരിച്ചിട്ടുള്ളത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ അഡ്വ. കെ പി ബിനിഷയും, പ്രതികൾക്ക് വേണ്ടി അഡ്വ പി എസ് ശ്രീധരൻപിള്ള, അഡ്വ ടി സുനിൽകുമാർ, അഡ്വ. പി പ്രേമരാജൻ തുടങ്ങിയവരുമാണ് ഹാജരായത്.

prp

Leave a Reply

*