ആറടി മണ്ണിലേക്ക് മടങ്ങുമ്പോഴും ഷെറോണ്‍ സുഖ്ഡിയോ എന്ന കോടീശ്വരന്‍ യാത്രയായത് ആഭരണ വിഭൂഷിതനായിട്ടാണ്. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ എന്ന രാജ്യത്തെ കോടീശ്വരനാണ് ഷെറോണ്‍. ഭാര്യാ സഹോദരന്‍റെ വീട്ടില്‍ സന്ദര്‍ശനത്ത് എത്തിയപ്പോള്‍ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു ഷെറോണിനെ.
33 വയസ്സുകാരനായ കോടീശ്വരന്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്തയല്ല ശ്രദ്ധേയമായത്, പകരം സംസ്‌കാരമായിരുന്നു വാര്‍ത്തകളില്‍ ഇടംതേടിയത്. ചെറുപ്രായത്തില്‍ തന്നെ ഇട്ടുമൂടാനുള്ള പണം സമ്പാദിച്ചിരുന്നു എസ്റ്റേറ്റ് ഏജന്‍റും കാര്‍ ഡീലറുമായ ഷെറോണ്‍. ജീവിതവും ആഡംബര നിറഞ്ഞതിനാല്‍ ഷെറോണിന്‍റെ മരണവും ആഡംബരമാക്കാന്‍ തീരുമാനിക്കുകയായിരുന്നു ബന്ധുക്കള്‍.

50 ലക്ഷം രൂപയുടെ ശവപ്പെട്ടിയാണ് സംസ്‌കാരത്തിന് ഉപയോഗിച്ചത്. ഒപ്പം ഷെറോണിന് ഏറെ പ്രിയപ്പെട്ട സ്വര്‍ണ്ണാഭരണങ്ങളും. അതിന്‍റെ വില ഏകദേശം രണ്ടു മില്യണ്‍ യുഎസ് ഡോളറോളം (13 കോടിയോളം) വരും. മുട്ടറ്റം നീളുന്ന മാലയും കൈവിരലുകളില്‍ നിറയെ മോതിരവുമൊക്കെ ധരിപ്പിച്ചായിരുന്നു സംസ്‌കാരം. ടിംബര്‍ലാന്‍ഡ് ബൂട്ടുകള്‍ ഒരു ജോഡി കാല്‍ച്ചുവട്ടില്‍ത്തന്നെ വച്ചിരുന്നു. വിവിധ റേസുകളില്‍ വിജയിച്ച് ഷെറോണ്‍ നേടിയ ട്രോഫികളും മൃതദേഹത്തിനൊപ്പം അടക്കി. കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള ഷെറോണിന്റെ സമ്ബത്തിനു മുന്നില്‍ ഇവയൊക്കെ തുച്ഛം.

ഷെറോണിന് ഏറെ പ്രിയപ്പെട്ട ബെന്റ്‌ലി കാറിലായിരുന്നു അന്ത്യയാത്ര. കോട്ടാര സദൃശ്യമായ വീട്ടില്‍ ഹിന്ദു ആചാര പ്രകാരമുള്ള കര്‍മ്മങ്ങള്‍ നടന്നു. ഭാര്യ റേച്ചലും മക്കളും ഷെറോണിന് അരികില്‍ തന്നെ നിലയുറപ്പിച്ചു. തുടര്‍ന്ന് കരാപിചൈയിമയിലുള്ള ശ്മശാനത്തില്‍ കൊണ്ടുപോയി ദഹിപ്പിച്ചു. ഷെറോണിന് ഏറ്റവും പ്രിയപ്പെട്ട മോയെറ്റ് ഷാംപെയിന്‍ ഒഴിച്ചാണ് മൃതദേഹം ദഹിപ്പിച്ചത്. വേള്‍ഡ് ബോസ് എന്നാണ് ഷെറോണ്‍ വ്യവസായികള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്.

15 ആഡംബര വാഹനങ്ങളും എട്ടു സ്പീഡ് ബോട്ടുകളും 10 ജെറ്റ് സ്‌കൈസും രണ്ടു ചെറിയ എയര്‍ ക്രാഫ്റ്റുകളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ വാഹന ശേഖരം. ഇതിനു പുറമേ ഏഴു വീടുകളും ആറു അപ്പാര്‍ട്ട്‌മെന്റുകളും സ്വന്തമായുണ്ട്. അടുത്തിടെ ഒരു റസ്റ്റൊറന്റും സ്വന്തമാക്കിയതായി അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. ഇതിനുപുറമേ സര്‍വീസ് നടത്തുന്ന രണ്ടു ബസുകള്‍ 12 മിനി വാനുകള്‍ നാലു ടാക്‌സികള്‍ ഉള്‍പ്പെടെ ഒട്ടനവധി ബിസിനസ്സുകളും ഷെറോണിനുണ്ട്. ഇവയൊക്കെ ഇനി ആര് ഏറ്റെടുത്തു നടത്തുമെന്ന് വ്യക്തമല്ല.


