ചെന്നൈ: ഷിമ്രോൺ ഹെറ്റ്മെയറിന്റെയും ഷെയ് ഹോപ്പിന്റെയും സെഞ്ചുറി കരുത്തിൽ ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ വിൻഡീസിന് എട്ട് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 288 റൺസിന്റെ ലക്ഷ്യം 13 പന്തുകൾ ബാക്കി നിൽക്കേ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് മറികടന്നു. 106 പന്തിൽ 139 റൺസെടുത്ത ഹെറ്റ്മെയറാണ് വിൻഡീസ് ജയം എളുപ്പമാക്കിയത്. 151 പന്തിൽ 102 റൺസെടുത്ത ഹോപ്പ് പുറത്താകാതെ നിന്നു. 23 പന്തിൽ 29 റൺസുമായി നിക്കോളാസ് പൂരനും വിൻഡീസ് നിരയിൽ തിളങ്ങി. ശ്രേയസ് അയ്യറിന്റേയും ഋഷഭ് പന്തിന്റേയും അർധ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്.
ഇന്ത്യ ഉയർത്തിയ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത വിൻഡീസ് തകർച്ചയോടെയാണ് തുടങ്ങിയത്. എട്ടു പന്തിൽ ഒൻപതു റൺസുമായി സുനിൽ അംബ്രിസാണ് വിൻഡീസ് നിരയിൽ പുറത്തായത്. ദീപക് ചാഹറിന്റെ പന്തിൽ എൽബിയിൽ കുരുങ്ങി അംബ്രിസ് മടങ്ങുമ്പോൾ വിൻഡീസ് സ്കോർ ബോർഡിൽ ഉണ്ടായിരുന്നത് 11 റൺസ് മാത്രം. അവിടുന്നങ്ങോട്ട് ഒത്തുചേർന്ന ഹെറ്റ്മയറും ഹോപ്പും ചേർന്ന് വിൻഡീസിനെ കരുത്തുറ്റ നിലയിലേക്കു നയിച്ചു. ഇതുവരെ ആറു ബോളർമാരെ പരീക്ഷിച്ചെങ്കിലും ഇന്ത്യയ്ക്ക് കൂട്ടുകെട്ടു പൊളിക്കാനായിട്ടില്ല. ഇതിനിടെ 50 പന്തിൽ അഞ്ചു ഫോറും ഒരു സിക്സും സഹിതമാണ് ഹെറ്റ്മയർ അഞ്ചാം ഏകദിന അർധസെഞ്ചുറി പൂർത്തിയാക്കിയത്. അടുത്ത 50 റൺസിന് ഹെറ്റ്മയറിനു വേണ്ടിവന്നത് 35 പന്തു മാത്രം. 85 പന്തിൽ എട്ടു ഫോറും നാലു സിക്സും സഹിതമാണ് ഹെറ്റ്മയർ അഞ്ചാം ഏകദിന സെഞ്ചുറി കുറിച്ചത്. പിന്നാലെ ചഹാറിന്റെ പന്തിൽ ഹെറ്റ്മെയറെ പുറത്താക്കാനുള്ള സുവർണാവസരം അയ്യർ നഷ്ടപ്പെടുത്തി. എന്നാൽ മുഹമ്മദ് ഷമിയുടെ പന്തിൽ അയ്യർക്ക് തന്നെ ക്യാച്ച് സമ്മാനിച്ചാണ് ഹെറ്റ്മെയർ മടങ്ങിയത്. പിന്നാലെ ക്രീസിലെത്തിയ പൂരനും മികച്ച ബാറ്റിങ്ങ് പുറത്തെടുത്തതോടെ വിൻഡീസ് ജയമുറപ്പിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 287 റൺസ് നേടിയത്. അർധസെഞ്ചുറി നേടി തിളങ്ങിയ ശ്രേയസ് അയ്യർ, ഋഷഭ പന്ത് എന്നിവരുടെ ഇന്നിങ്സുകളാണ് ആതിഥേയർക്ക് സമാന്യം ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. കെ.എൽ. രാഹുൽ(6), വിരാട് കോഹ്ലി(4), രോഹിത് ശർമ (36), ശ്രേയസ് അയ്യർ (70), ഋഷഭ് പന്ത് (71), കേദാർ ജാദവ് (40), രവീന്ദ്ര ജഡേജ (21 ), ശിവം ദുബെ(9) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്കു നഷ്ടമായത്. ദീപക് ചാഹർ (7*), മുഹമ്മദ് ഷാമി (പൂജ്യം) എന്നിവർ പുറത്താകാതെ നിന്നു.
വെസ്റ്റിൻഡീസിനായി ഷെല്‍ഡൻ കോട്രൽ, അൽസാരി ജോസഫ്, കീമോ പോൾ എന്നിവർ രണ്ടു വിക്കറ്റ് വീതവും പൊള്ളാർഡ് ഒരു വിക്കറ്റും വീഴ്ത്തി. 19 ഓവറിൽ 80/3 എന്ന നിലയിൽ നിന്നായിരുന്നു അയ്യരുടെയും പന്തിന്റെയും രക്ഷാപ്രവർത്തനം. ശ്രേയസ് അയ്യർ 88 പന്തിൽ 70 റൺസ് നേടി പുറത്തായപ്പോൾ 69 പന്തിലാണ് പന്ത് 71 റൺസ് അടിച്ചത്. 13–ാം ഏകദിനം കളിക്കുന്ന പന്തിന്റെ അദ്യ അർധസെഞ്ചുറിയാണ് ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നേടിയത്.
ലോകകപ്പിൽ ബംഗ്ലദേശിനെതിരേ നേടിയ 48 റൺസ് ആയിരുന്നു ഇതുവരെയുള്ള ഉയർന്ന സ്കോർ. ഓപ്പണിങ് വിക്കറ്റിൽ കെ.എൽ. രാഹുലും രോഹിത് ശർമയും ചേർന്നു 21 റൺസ് നേടി. ഏഴാം ഓവറിന്റെ രണ്ടാം പന്തിൽ ഷെല്‍ഡൻ കോട്രൽ രാഹുലിനെ ഷിമ്രോണ്‍ ഹെയ്റ്റ്മറിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. ഓവറിന്റെ അവസാന പന്തിൽ വിരാട് കോഹ്ലിയുടെ വിക്കറ്റും കോട്രൽ തെറിപ്പിച്ചു. പിന്നീട് രോഹിത്തും ശ്രേയസ് അയ്യറും ചേർന്നു 55 റൺസ് സ്കോർ ബോർഡിൽ ചേർത്തെങ്കിലും 19ാം ഓവറിന്റെ രണ്ടാം പന്തിൽ ജോസഫ് രോഹിത്തിനെ പുറത്താക്കുകയായിരുന്നു. പിന്നീട് നാലാം വിക്കറ്റിൽ അയ്യരും പന്തും ചേർന്നു 114 റൺസ് കൂട്ടിച്ചേർത്തു. യുവതാരം ശിവം ദുബെ ഇന്ത്യയ്ക്കായി ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചു.
courtsey content - news online
