ന്യൂഡല്‍ഹി : ജമ്മു കാശ്മീരിലെ തൊഴിലില്ലായ്മയും ആര്‍ട്ടിക്കിള്‍ 370ഉം മുതല്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ബി.ജെ.പിയെ കടന്നാക്രമിച്ച് ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി.
‘ അമേരിക്കയില്‍ എന്ത് സംഭവിച്ചു എന്ന് നോക്കൂ. ട്രംപ് പോയി. അതുകൊണ്ട്, ബി.ജെ.പിയും പോകും. ‘ ജമ്മുവിലെ വിവിധ സാമുദായിക പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മെഹബൂബ മുഫ്തി പറഞ്ഞു. ‘ തേജസ്വി യാദവിനെ ഞാന്‍ അഭിനന്ദിക്കുന്നു. തിരഞ്ഞെടുപ്പില്‍ അദ്ദേഹം ശരിയായ പാതയിലാണ് നയിച്ചത്. ‘ ബീഹാറിലെ ആര്‍.ജെ.ഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവിനെ പിന്തുണച്ച് മുഫ്തി പറഞ്ഞു.
‘ ഞങ്ങളുടെ വിഭവങ്ങള്‍ വില്പനയ്ക്ക് വച്ചിരിക്കുകയാണ്. പണ്ഡിറ്റുകളുടെ കാര്യം എന്തായി ? ബി.ജെ.പി വലിയ വാഗ്ദാനങ്ങള്‍ അവര്‍ക്ക് നല്‍കി. ബി.ജെ.പി ജമ്മു കാശ്മീരിനെ വില്പനയ്ക്ക് വച്ചു. പുറത്തു നിന്നുള്ളവരെ ക്ഷണിച്ചു. ജമ്മുകാശ്മീരിലെ യുവാക്കള്‍ക്ക് തൊഴിലില്ല. ആയുധമെടുക്കുകയല്ലാതെ യുവാക്കള്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല. തീവ്രവാദ സംഘടനകളിലേക്കുള്ള റിക്രൂട്ട്മെന്റ് വര്‍ദ്ധിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ജമ്മു കാശ്മീരില്‍ ജോലി ലഭിക്കുന്നു. ഞങ്ങളുടെ ആളുകളില്‍ ആയിരക്കണക്കിന് പേര്‍ ത്രിവര്‍ണ പതാകയ്ക്കായി ത്യാഗം ചെയ്തു. ഇന്ത്യയ്ക്കും പാകിസ്ഥാനുമിടെയിലെ സമാധാനത്തിന്റെ പാലമായി ജമ്മു കാശ്മീര്‍ മാറണം. ‘ മെഹബൂബ മുഫ്തി പറഞ്ഞു.

