ചൈനയില്‍ 11 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരവും ഒരു പ്രധാന ഗതാഗത കേന്ദ്രവുമാണ് വുഹാന്‍. ചൈനയിലെ തന്നെ ഏറ്റവും തിരക്കുള്ള തുറമുഖ നഗരവും വുഹാനാണ്. എന്നാല്‍, അടുത്തകാലത്ത് കൊവിഡിലൂടെയാണ് വുഹാന്‍ ലോകശ്രദ്ധയിലേക്ക് വീണ്ടുമെത്തിയത്. കാരണം ലോകരാജ്യങ്ങളെയൊന്നാകെ വിറപ്പിച്ച കൊവിഡ് മഹാമാരിയുടെ തുടക്കം വുഹാനില്‍ നിന്നായിരുന്നു. വന്യമൃഗങ്ങളുടെ ഇറച്ചിയും ജീവനുള്ള പക്ഷികളെയുമൊക്കെ വിറ്റിരുന്ന വുഹാന്‍ ഹ്വാനനിലെ വെറ്റ് മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് പടര്‍ന്നതെന്നാണ് സംശയം.
രോഗം പടര്‍ന്നതോടെ വുഹാനില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ചൈനീസ് ഭരണകൂടം ഏര്‍പ്പെടുത്തിയത്. അവിടെ നിന്ന് പടര്‍ന്ന വൈറസിനെ പ്രതിരോധിക്കാന്‍ ലോകമൊന്നാകെ പൊരുതുമ്ബോള്‍ വുഹാനിലെ ഇപ്പോഴത്തെ സ്ഥിതി എന്താണ്..?
തുടക്കത്തില്‍ രോഗ വ്യാപനം ഉണ്ടായി അറുപത് ദിവസങ്ങള്‍ക്കുള്ളില്‍ വുഹാന്‍ തിരിച്ചുവരവ് നടത്തിയിരുന്നു. കര്‍ശന നിയന്ത്രണങ്ങളോടെ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണാണ് വുഹാനെ രോഗമുക്തിയിലേക്ക് കൈ പിടിച്ചുയര്‍ത്തിയത്. അടിയന്തരാവസ്ഥയ്ക്ക് തുല്യമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. അങ്ങനെ കൊവിഡിനെ കെട്ടുകെട്ടിച്ച് പഴയതുപോലെ തിരിച്ചുവരവിന്റെ പാതയിലാണ് വുഹാന്‍. ഇടയ്ക്ക് വീണ്ടും രോഗം പടര്‍ന്നെങ്കിലും അത് വലിയ തോതില്‍ വ്യാപിക്കാതെ നോക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞു.
എങ്ങും മുന്നറിയിപ്പ് ബോര്‍ഡുകള്‍
ചൈനയിലെ വലിയ കച്ചവട കേന്ദ്രമായ വുഹാനിലെ മാര്‍ക്കറ്റുകളെല്ലാം പഴയതിലും ഉഷാറായി പ്രവര്‍ത്തനം തുടങ്ങി. അതിനൊപ്പം മിക്ക കടകള്‍ക്കും മുമ്ബില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടു. വന്യമൃഗങ്ങളുടെ ഇറച്ചിയും ജീവനുള്ള പക്ഷികളെയും വിറ്റിരുന്ന വുഹാന്‍ ഹ്വാനനിലെ വെറ്റ് മാര്‍ക്കറ്റില്‍ ഇത്തരം ഇറച്ചികള്‍ വില്‍ക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പ് ബോര്‍ഡുകളില്‍ ഇതും വ്യക്തമാക്കിയിട്ടുണ്ട്. വുഹാനിലെ മാര്‍ക്കറ്റുകളില്‍ തവള, ആമ തുടങ്ങിയവയൊക്കെ വില്‍ക്കുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ അത്തരം വില്‍പ്പനയൊന്നുമില്ല. അധികൃതരാണെങ്കില്‍ കടുത്ത ജാഗ്രതയിലുമാണ്. കൊവിഡിനെ ഇനിയും വുഹാനിലേക്ക് കടത്തിലെന്ന വാശിയിലാണ് അധികൃതര്‍. അതിനായി വുഹാനിലേക്ക് വരുന്ന മത്സ്യം ഉള്‍പ്പെടെയുള്ളവയെ അതീവ ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ട്. വുഹാനിലേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷണ വസ്തുക്കളില്‍ വൈറസിന്റെ സാന്നിദ്ധ്യമുണ്ടോയെന്ന സംശയവും അധികൃതര്‍ക്കുണ്ട്. അതിനാല്‍തന്നെ ചെമ്മീനും കോഴിയിറച്ചിയുമടക്കം കര്‍ശന പരിശോധനയ്ക്ക് അധികൃതര്‍ വിധേയമാക്കുന്നുണ്ട്. മഹാമാരിയില്‍ വിറച്ച വുഹാന്‍ നഗരത്തില്‍ പ്രളയ ഭീഷണിയും ഉയര്‍ന്നിരുന്നു. വുഹാന്‍ നഗരത്തിന് സമീപത്ത് കൂടി ഒഴുകുന്ന ഏഷ്യയിലെ ഏറ്റവും നീളമുള്ള നദിയായ യാങ്സി കരകവിഞ്ഞ് ഒഴുകിയതാണ് വുഹാന് വീണ്ടും തിരിച്ചടിയായത്. അതിനെയും അതിജീവിക്കാന്‍ വുഹാന്‍ അധികൃതര്‍ക്കായി എന്നതാണ് അവിടത്തെ ജനതയ്ക്ക് ആശ്വാസം നല്‍കുന്നത്.

