ബെയ്ജിങ്: കോവിഡ്-19ന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ വൈറസ് എത്തിച്ചത് അമേരിക്കന്‍ സൈന്യമാകാമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ്. തെളിവുകളൊന്നും നിരത്താതെ ഉന്നത ഉദ്യോഗസ്ഥനായ ച്വാ ലിജിയന്‍ ട്വിറ്ററിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍കൂടിയാണ് ഇദ്ദേഹം.
നേരത്തെ ‘വുഹാന്‍ വൈറസ്’ എന്ന് വിശേഷിപ്പിച്ച അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ചൈനയിലെ തലമുതിര്‍ന്ന ആരോഗ്യ പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ ആരോപണം. വൈറസ് വ്യാപനത്തില്‍ യു.എസിനെതിരെ ഇത്തരത്തില്‍ സമാനമായ ആരോപണങ്ങളാണ് ചൈനീസ് സാമൂഹിക മാധ്യമങ്ങള്‍ നിറയെ. വൈറസിന്റെ കേന്ദ്രം വുഹാനിലെ ഇറച്ചി മാര്‍ക്കറ്റില്‍ നിന്നാണെന്ന് ചൈനയുടെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവെന്‍ഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ആരോപണങ്ങള്‍ തുടരുകയാണ്.

