
ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ട ബലാല്‍സംഗ കേസിലെ നാലു പ്രതികളിലൊരാളായ വിനയ് ശര്‍മ സമര്‍പ്പിച്ച ദയാഹരജി രാഷ്ട്രപതി തള്ളി. വെള്ളിയാഴ്ച രാത്രിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് ഹരജി കൈമാറിയത്. ദയാഹരജിക്കൊപ്പം അത് തള്ളണമെന്ന ശിപാര്‍ശയും ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ചിരുന്നു. ദയാഹരജി തള്ളണമെന്ന ശിപാര്‍ശയോടെയാണ് ഡല്‍ഹി ലഫ്റ്റനന്‍ഡ് ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയത്.
കേസില്‍ നാല് പ്രതികള്‍ക്കും സുപ്രീം കോടതി വധശിക്ഷ വിധിച്ചിരുന്നു. ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് വിനയ് ശര്‍മ ദയാഹരജി സമര്‍പ്പിച്ചത്. ഇതേ തുടര്‍ന്ന് വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട് ഡല്‍ഹി പാട്യാല ഹൗസ് കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
കേസില്‍ ഇനി രണ്ട് പ്രതികളാണ് രാഷ്ട്രപതിക്ക് മുമ്ബാകെ ദയാഹരജി നല്‍കാനുള്ളത്. അക്ഷയ് സിങ്, പവന്‍ കുമാര്‍ എന്നിവര്‍ക്കാണ് ദയാഹരജി നല്‍കാന്‍ സാധിക്കുക. കേസിലെ മറ്റൊരു പ്രതിയായ പവന്ഗുപ്തക്ക് സുപ്രീംകോടതി മുമ്ബാകെ തിരുത്തല്‍ ഹരജിയും നല്‍കാം. പ്രതികള്‍ ഹരജികളുമായി മുന്നോട്ട് പോയാല്‍ ഈ നിയമനടപടികള്‍ പൂര്‍ത്തിയായതിന് ശേഷമാവും വധശിക്ഷ നടപ്പാക്കുക.
കേസിലെ പ്രതിയായ മുകേഷ് സിങ് നല്‍കിയ ദയാഹരജി ജനുവരി 17ന് രാഷ്ട്രപതി തള്ളിയിരുന്നു. രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെ മുകേഷ് സിങ് നല്‍കിയ ഹരജി സുപ്രീംകോടതിലും തള്ളി.
2012 ഡിസംബര്‍ 16നു രാത്രിയാണ് പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനി ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടമാനഭംഗത്തിനും ക്രൂരമര്‍ദനത്തിനും ഇരയായത്. സിംഗപ്പൂരില്‍ ചികിത്സയിലായിരിക്കെ രണ്ടാഴ്ചക്കുശേഷം മരണത്തിനു കീഴടങ്ങി.
പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറുപേരായിരുന്നു പ്രതികള്‍. കേസിലെ ഒന്നാം പ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ ജീവനൊടുക്കി. മറ്റ് പ്രതികളായ മുകേഷ് (29), വിനയ് ശര്‍മ (23), അക്ഷയ് കുമാര്‍ സിങ് (31), പവന്‍ ഗുപ്ത (22) എന്നിവര്‍ക്ക് സുപ്രീംകോടതി വധശിക്ഷ വിധിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് മൂന്നു വര്‍ഷം ജയില്‍ ശിക്ഷയാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിധിച്ചത്.
