ഒന്നിലധികം സംസ്ഥാനങ്ങളില്‍ യാത്ര ചെയ്യാന്‍ ഇനി പുതിയ വാഹനം വാങ്ങണമെന്നില്ല, നിങ്ങളുടെ പഴയ വണ്ടിക്കും ആനുകൂല്യം കിട്ടും

തിരുവനന്തപുരം: ഭാരത് വാഹന രജിസ്‌ട്രേഷന്‍ (ബി.എച്ച്‌.) പഴയ വാഹനങ്ങള്‍ക്കും ലഭിക്കും. നിലവില്‍ ബി.എച്ച്‌ രജിസ്ട്രേഷന്‍ വാഹനങ്ങള്‍ ഉള്ളവര്‍ക്ക് അത് കൈമാറാമെന്നും കേന്ദ്രത്തിന്റെ കരട് വിജ്ഞാപനത്തില്‍ പറയുന്നു.

ബി.എച്ച്‌ രജിസ്ട്രേഷന്‍ നടപ്പാക്കിയിട്ടും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നികുതി നഷ്ടം ചൂണ്ടിക്കാട്ടി നടപ്പാക്കാതിരിക്കെയാണ് കേന്ദ്രം നടപടികള്‍ ലളിതമാക്കുന്നത്.

ബി.എച്ച്‌ രജിസ്‌ട്രേഷന് അര്‍ഹതയുള്ളവര്‍ക്ക് ഏത് സംസ്ഥാനത്ത് രജിസ്റ്റ‌ര്‍ ചെയ്ത വാഹനവും ബി.എച്ച്‌. രജിസ്ട്രേഷനിലേക്ക് മാറ്റാം. താമസസ്ഥലത്തോ, ജോലിചെയ്യുന്ന സ്ഥലത്തോ രജിസ്‌ട്രേഷന്‍ മാറ്റത്തിന് അപേക്ഷിക്കാം.

ഒന്നിലേറെ സംസ്ഥാനങ്ങളില്‍ ജോലിചെയ്യേണ്ടിവരുന്ന കേന്ദ്ര പൊതുമേഖലാ ജീവനക്കാര്‍ക്കും നാലു സംസ്ഥാനങ്ങളില്‍ സാന്നിദ്ധ്യമുള്ള സ്വകാര്യ കമ്ബനികളിലെ ജീവനക്കാര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാം.

നിലവില്‍ പുതിയ വാഹനങ്ങള്‍ക്ക് മാത്രമാണ് ബി.എച്ച്‌. രജിസ്‌ട്രേഷന്‍. ഒന്നിലധികം സംസ്ഥാനങ്ങളില്‍ ജോലിചെയ്യേണ്ടിവരുന്നവര്‍ക്ക് വ്യത്യസ്ത രജിസ്‌ട്രേഷന്‍ കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ബി.എച്ച്‌. രജിസ്‌ട്രേഷന്‍. ഇതില്‍ വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറാന്‍ വ്യവസ്ഥയില്ലായിരുന്നു. ഇപ്പോള്‍ അര്‍ഹതയുള്ളവര്‍ വാങ്ങിയാലേ ബി.എച്ച്‌. രജിസ്‌ട്രേഷന്‍ നിലനിര്‍ത്താനാവൂ. ഇതിനുള്ള സാക്ഷ്യപത്രവും വിജ്ഞാപനത്തിലുണ്ട്.

18 സംസ്ഥാനങ്ങള്‍ നടപ്പാക്കി,​ മുഖം തിരിച്ച്‌ കേരളം

2021 ആഗസ്റ്റ് 28നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ബി.എച്ച്‌ രജിസ്ട്രേഷന്‍ നിയമം കൊണ്ടുവന്നത്. സെപ്തംബര്‍ 15ന് രജിസ്ട്രേഷന്‍ ആരംഭിച്ചു. ആദ്യം ഒഡിഷയും പിന്നാലെ തമിഴ്നാട് ,​ കര്‍ണ്ണാടകം ഉള്‍പ്പെടെ 18 സംസ്ഥാനങ്ങളും നടപ്പാക്കി. ബി.എച്ച്‌ രജിസ്ട്രേഷന്‍ താത്കാലികമായി നിറുത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ കത്ത് കേന്ദ്രം നിരസിച്ചിരുന്നു.

ഭാരത് സീരീസ് രജിസ്ട്രേഷന്‍ നല്‍കണമെന്ന് ഹൈക്കോടതി മാര്‍ച്ച്‌ 29ല്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അത് പാലിക്കാത്തതിനെ തുടര്‍ന്ന് മേയ് 17നകം നടപ്പാക്കണമെന്നും ഉത്തരവിട്ടിരുന്നു.

prp

Leave a Reply

*