വനിതയ്‌ക്ക് അഞ്ച് ഇന്‍ക്രിമെന്റുകള്‍ ഒരുമിച്ച്‌ നല്‍കി, 61കാരനും അനധികൃത നിയമനം; ശിവശങ്കറിന്റെ തട്ടിപ്പുകള്‍ പുറത്ത്

കൊച്ചി: ഐ ടി വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡില്‍ (കെ എസ്‌ ഐ ടി ഐ എല്‍) അനധികൃതമായി നിയമനം നേടിയവരെയെല്ലാം പിരിച്ചു വിടണമെന്ന് ധനകാര്യപരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. അനധികൃത നിയമനങ്ങള്‍ നടത്താന്‍ ശിവശങ്കറിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2016ല്‍ സാമ്ബത്തിക ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥനെ ശിവശങ്കര്‍ ഇടപെട്ടാണ് കെ എസ്‌ ഐ ടി ഐ എല്ലില്‍ നിയമിച്ചത്.

58 വയസുവരെയാണ് സ്ഥാപനത്തില്‍ നിയമനം നടത്താന്‍ കഴിയുന്നത്. 61 വയസ് പൂര്‍ത്തിയായ ഇയാളെ എങ്ങനെയാണ് നിയമിച്ചതെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് അടക്കം യോഗ്യതയില്ലാത്തവരെ നിയമിച്ചതില്‍ ഐ ടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് പങ്കുണ്ടെന്നും, അദ്ദേഹം സ്വജനപക്ഷപാതം കാട്ടിയെന്നും പറയുന്ന റിപ്പോര്‍ട്ട് നടപടിക്കായി മുഖ്യമന്ത്രിക്ക് കൈമാറി.

ഫിനാന്‍സ് വിഭാഗത്തില്‍ ജോലി ചെയ്‌ത വനിതയ്‌ക്ക് ശിവശങ്കര്‍ അഞ്ച് ഇന്‍ക്രിമെന്റുകള്‍ ഒരുമിച്ച്‌ നല്‍കിയത് ചട്ടങ്ങള്‍ പാലിക്കാതെയാണ്. പിന്നീട് ഇവരെ ജോലിക്ക് യോഗ്യതയില്ലെന്ന പേരില്‍ പിരിച്ചുവിട്ടത് വിചിത്രമായ നടപടിയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പി ഡബ്ല്യു സിയെ ( പ്രൈസ് വാട്ടര്‍ കൂപ്പര്‍) കെ എസ്‌ ഐ ടി ഐ എല്‍ കണ്‍സള്‍ട്ടന്റാക്കിയ കാര്യം സര്‍ക്കാരിനെ അറിയിച്ചിരുന്നില്ല. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് നടപടികള്‍ മുന്നോട്ടുപോയത്.

നിയമനങ്ങള്‍ സുതാര്യമാക്കാന്‍ സ്വീകരിക്കേണ്ട നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് ഐ ടി സ്ഥാപനങ്ങളില്‍ നടത്തിയ നിയമനങ്ങളെക്കുറിച്ചുളള റിപ്പോര്‍ട്ട് ധനകാര്യപരിശോധനാവിഭാഗം ഉടന്‍ സമര്‍പ്പിക്കും.

prp

Leave a Reply

*