വാക്‌സിന്‍ നയത്തില്‍ മാറ്റം വേണമെന്ന് ശശി തരൂര്‍; കോവിഡ് കിടക്കയില്‍ നിന്നും പ്രതികരണവുമായി തരൂര്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ രോഗക്കിടക്കയില്‍ നിന്ന് പ്രതികരണവുമായി ഡോ. ശശിതരൂര്‍ എംപി. രാജ്യത്തെ ജനങ്ങള്‍ക്ക് എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ നയത്തില്‍ മാറ്റം വേണം. കോവിഡ് ബാധിതനായി ചികില്‍സയില്‍ കഴിയവെയാണ് തരൂരിന്റെ വീഡിയോയിലൂടെയുള്ള പ്രതികരണം.

നിശ്ചിത സമയപരിധിക്കുള്ളില്‍ രാജ്യവ്യാപകമായി സൗജന്യ വാക്സിനേഷന്‍ നടപ്പാക്കുന്നതിന് ഉതകുന്ന വിധത്തില്‍ സര്‍ക്കാരിന്റെ വാക്സിന്‍ നയത്തില്‍ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടിയെ ഞാന്‍ പിന്തുണയ്ക്കുന്നു. അന്യായമായ വിലയ്ക്ക് വാക്സിന്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ ആശുപത്രികളും മറ്റു സ്ഥാപനങ്ങളും വിപണിയില്‍ മത്സരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ല. കേന്ദ്രസര്‍ക്കാര്‍ ന്യായമായ വിലയ്ക്ക് വാക്സിന്‍ വാങ്ങുകയും ജനങ്ങള്‍ക്ക് സൗജന്യമായി കൊടുക്കുകയുമാണ് വേണ്ടത്. വാക്സിനേഷന്‍ സംബന്ധിച്ച്‌ ആദ്യകാലം മുതലുള്ള നയം ഇതാണ്, ശശി തരൂര്‍ വീഡിയോയില്‍ പറഞ്ഞു.

കോവിഡ് ബാധയുടെ സങ്കീര്‍ണതകള്‍ അനുഭവിച്ചുകൊണ്ട് രോഗക്കിടക്കയിലാണ് ഞാന്‍. ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുമെന്ന സര്‍ക്കാരിന്റെ പ്രസ്താവന കണ്ടിരുന്നു. വാക്സിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ എങ്ങനെയാണ് ഇത് സാധ്യമാക്കുക എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു, ശശി തരൂര്‍ പറഞ്ഞു.

രാജ്യത്തെ കോവിഡില്‍നിന്ന് രക്ഷിക്കാന്‍ എല്ലാവര്‍ക്കും സൗജന്യമായ വാക്സിന്‍ നല്‍കുന്ന നയമാണ് നമുക്ക് വേണ്ടത്. ഞാന്‍ വളരെയധികം പ്രയാസങ്ങള്‍ അനുഭവിച്ചു. അതിന്റെ ഒരംശം പോലുമോ അതിനേക്കാള്‍ കൂടുതലായോ ഒരാളും അനുഭവിക്കരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്, ശശി തരൂര്‍ പറഞ്ഞു.

ഡിസംബറോടെ ഇന്ത്യയില്‍ എല്ലാവര്‍ക്കും വാക്സിന്‍ വിതരണം പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വാക്സിന്‍ ലഭ്യത സംബന്ധിച്ച്‌ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. അതേസമയം, ജൂലായ് മധ്യത്തോടെയോ ഓഗസ്റ്റ് ആദ്യമോ പ്രതിദിനം ഒരു കോടി വാക്സിനുകള്‍ ലഭ്യമാകുമെന്ന് ഐസിഎംആര്‍ മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ ഇന്നലെ പറഞ്ഞു.

prp

Leave a Reply

*