തൃശൂര്‍: ഒ.ബി.സി. മോര്‍ച്ച സംസ്ഥാന മുന്‍ വൈസ് പ്രസിഡന്റ് റിഷി പല്പ്പുവിനെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്. ഹരിക്ക് എതിരേ പോലീസ് കേസ്. കുഴല്‍പ്പണ കേസില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് റിഷി പല്‍പ്പു സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടിരുന്നു.തുടര്‍ന്ന് ഇല്ലാതാക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
വധഭീഷണി മുഴക്കി, അസഭ്യം പറഞ്ഞു എന്നിവയ്ക്കാണ് ഹരിക്ക് എതിരേ വെസ്റ്റ് പോലീസ് കേസ് എടുത്തത്. ഹരിയെ കുഴല്‍പ്പണ കേസില്‍ ചോദ്യംചെയ്തിരുന്നു.പരാതിപ്പെട്ട റിഷിയെ ബി.ജെ.പിയുടെ പ്രാഥമികാംഗത്വത്തില്‍നിന്നു സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് പുറത്താക്കുകയും ചെയ്തു. തന്റെ വിശദീകരണം പോലും കേള്‍ക്കാതെയാണ് നടപടിയെന്നും ഫോണില്‍ വിളിച്ചാണ് പുറത്താക്കുന്ന കാര്യം അറിയിച്ചതെന്നും റിഷി കുറ്റപ്പെടുത്തി.
നേതൃത്വത്തിനെതിരേ വീണ്ടും വിമര്‍ശനമുയര്‍ത്തിയ റിഷി തനിക്ക് നോട്ടീസ് നല്കാതെയുള്ള അച്ചടക്ക നടപടി അനുചിതമാണെന്നു ചൂണ്ടിക്കാട്ടി. സംസ്ഥാന അധ്യക്ഷന്‍ വിളിച്ചു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നുവോ എന്നു ചോദിച്ചു. ഉവ്വ് എന്ന മറുപടിയാണ് നല്‍കിയത്. അതോടെ ചുമതലയില്‍ നിന്നു മാറ്റുന്നു എന്നറിയിച്ചു. ഫേസ്ബുക്കിലൂടെ വികാരം പ്രകടിപ്പിക്കുകയാണ് ചെയ്തത്.
നടപടി അനീതിയാണെന്നും വിമര്‍ശിച്ചു. താന്‍ പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടില്ല. കുഴല്‍പ്പണ വിവാദത്തില്‍ അണികളെ വിശ്വാസത്തിലെടുക്കുന്നതില്‍ പാര്‍ട്ടി നേതൃത്വം പരാജയപ്പെട്ടുവെന്ന വിമര്ശനവുമുന്നയിച്ചു. അതിനിടെ റിഷി പല്‍പ്പു സമൂഹമാധ്യമങ്ങളിലൂടെ സ്പര്‍ധയുണ്ടാക്കി കലാപമുണ്ടാക്കുന്ന വിധത്തില്‍ പ്രചാരണം നടത്തിയതായി ബി.ജെ.പി. നേതൃത്വം കുറ്റപ്പെടുത്തി.റിഷി പല്പ്പുവിനെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ : ബി.ജെ.പി. നേതാവിന്എതിരേ പോലീസ് കേസ്

