ഉത്ര കൊലപാതക കേസ്; സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍

കൊല്ലം: ( 22.08.2020) കൊല്ലം അഞ്ചലിലെ ഉത്ര കൊലപാതകക്കേസില്‍ മുഖ്യപ്രതി സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍. ഗാര്‍ഹിക പീഡനം, തെളിവ് നശിപ്പിക്കല്‍, വിശ്വാസ വഞ്ചന, എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അമ്മ രേണുകയെയും സഹോദരി സൂര്യയെയും അറസ്റ്റ് ചെയ്തത്. അടൂരിലെ വീട്ടില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ഉച്ചയ്ക്ക് 12 മണിയോടെ ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയിരുന്നു. ഇരുവരെയും കൊട്ടാരക്കരയിലേക്ക് കൊണ്ടുപോകും. നേരത്തെ മൂന്ന് പ്രാവശ്യം സൂരജിന്റെ അമ്മയെയും സഹോദരിയെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ചില വൈരുദ്ധ്യങ്ങളെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ നടന്നത്. ഉത്ര ഗാര്‍ഹിക പീഡനത്തിന് ഇരയായതായി വ്യക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. മരണത്തിന് തൊട്ട് മുന്‍പ് മാസങ്ങളോളം ഉത്ര മാനസിക പീഡനത്തിന് ഇരയായന്നാണ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

സൂരജിന്റെ പിതാവ് സുരേന്ദ്രന് നേരത്തെ ഹൈക്കോടതി കേസില്‍ ജാമ്യം അനുവദിച്ചിരുന്നു. ആയിരത്തിലധികം പേജുള്ള കുറ്റപത്രത്തില്‍ ആസൂത്രിതമായി നടത്തിയ കൊലപാതകം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് തവണ പാമ്ബിനെ കൊണ്ട് സൂരജ് ഉത്രയെ കടിപ്പിച്ചിട്ടുണ്ട്. രണ്ട് തവണയും തെളിവ് നശിപ്പിക്കാന്‍ ഇടപടലുണ്ടായി. പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയത്. കൊലപാതകം, കൊലപാതക ശ്രമം, ഗുരുതരമായി പരിക്ക് ഏല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് സൂരജിന് എതിരെ ചുമത്തിയിട്ടുള്ളത്.

കഴിഞ്ഞ മെയ് മാസ് ഏഴിനാണ് ഉത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പു മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് നടത്തിയ തെരച്ചിലില്‍ മുറിയില്‍ നിന്ന് പാമ്ബിനെ കണ്ടെത്തി. ശീതീകരിച്ച മുറിയുടെ ജനാലയും വാതിലും അടച്ചിരുന്നിട്ടും എങ്ങനെ പാമ്ബ് അകത്ത് കയറിയെന്ന ഉത്രയുടെ വീട്ടുകാരുടെ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

prp

Leave a Reply

*