ജനീവ: ആഗോള ഉപരോധത്തിനിടയിലും ബാലസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ.
കിഴക്കന്‍ തുറമുഖമായ സിന്‍പോയില്‍ നിന്നായിരുന്നു മിസൈല്‍ പരീക്ഷണം. മിസൈല്‍ ജപ്പാന്‍ കടലില്‍ പതിച്ചതായും ദക്ഷിണ കൊറിയന്‍ സൈനികവൃത്തങ്ങള്‍ അറിയിച്ചു.
അതിനിടെ, ഉത്തരകൊറിയയുടെ നീക്കത്തെ വിമര്‍ശിച്ച് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും രംഗത്തെത്തി. അടിയന്തര യു.എന്‍ സുരക്ഷ കൗണ്‍സില്‍ ചര്‍ച്ചക്കു പിന്നാലെയാണ് അമേരിക്കയും ബ്രിട്ടനും, ഫ്രാന്‍സും ഉത്തരകൊറിയക്കെതിരെ പ്രതികരിച്ചത്.
പുതിയ ഉപരോധത്തെ കുറിച്ച് പ്രതികരിച്ചില്ലെങ്കിലും നിലവിലുള്ള ഉപരോധം ശക്തമാക്കുമെന്ന് രാജ്യ പ്രതിനിധികള്‍ പറഞ്ഞു. 2019ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ് ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്നുമായി നടത്തിയിരുന്ന സമാധാന കരാര്‍ ലംഘിക്കപ്പെടതിനെ തുടര്‍ന്ന് പോങ്ങിയാങ്ങില്‍ നിന്ന് പലതവണ ആയുധ പരീക്ഷണ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പിന്നാലെ യു.എന്‍ ഉപരോധം പ്രഖ്യാപിച്ചെങ്കിലും ഉത്തരകൊറിയ ബാലസ്റ്റിക് മിസൈല്‍ പരീക്ഷണം തുടര്‍ന്നുകൊണ്ടേയിരുന്നു.
ഈ മാസം നിരവധി മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. ജോ ബൈഡന്‍ യു.എസ് പ്രസിഡന്റായി അധികാരമേറ്റശേഷം ആദ്യമായാണ് ഇത്രയും മാരകമായ ആയുധം ഉത്തരകൊറിയ പരീക്ഷിക്കുന്നത്. ഉത്തരകൊറിയയുമായി ആണവ ചര്‍ച്ച പുനരാരംഭിക്കാന്‍ തയാറാണെന്ന് യു.എസ് അറിയിച്ചതിനു പിന്നാലെയാണിത്.

