തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ കടുത്ത അതൃപ്തിയുമായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍. ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമൊപ്പം പി ജെ കുര്യനും എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഗ്രൂപ്പ് നിര്‍ദ്ദേശങ്ങള്‍ എ ഐ സി സി സര്‍വ്വേ റിപ്പോര്‍ട്ട് ഉയര്‍ത്തി ഹൈക്കമാന്‍ഡ് തടയുന്നുവെന്നാണ് ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും പരാതി. കെ സി വേണുഗോപാലിന്റെ നോമിനികളെ സ്ഥാനാര്‍ത്ഥികളാക്കാന്‍ ശ്രമമുണ്ടെന്നും ഇവര്‍ക്ക് ആക്ഷേപമുണ്ട്. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ണമായും തെറ്റാണെന്നാണ് പി ജെ കുര്യന്‍ പറയുന്നത്. പി സി ചാക്കോ ആരോപിച്ച കാര്യങ്ങള്‍ ഗൗവരമുള്ളതാണെന്ന് പറഞ്ഞ അദ്ദേഹം എല്ലാം തീരുമാനിക്കുന്നത് ഗ്രൂപ്പ് നേതാക്കളാണെന്നും പറഞ്ഞു.
അതേ സമയം സ്ഥിരം മണ്ഡലം മാറി മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തള്ളി.
ബിജെപിക്ക് സ്വാധീമുള്ള നേമത്തും വട്ടിയൂര്‍ക്കാവിലും ശക്തരായ സ്ഥാനാര്‍ത്ഥികളെ ഇറക്കാനായിരുന്നു ഹെക്കമാന്‍ഡ് നീക്കം. ഉമ്മന്‍ ചാണ്ടിയെയോ, കെ മുരളീധരനെയോ നേമത്ത് സ്ഥാനാര്‍ത്ഥിയാക്കുമെന്ന അഭ്യൂഹങ്ങളുയര്‍ന്നിരുന്നു.ഹൈക്കമാന്‍ഡ് നിര്‍ദേശത്തില്‍ ഉമ്മന്‍ ചാണ്ടി എതിര്‍പ്പ് ഉയര്‍ത്തിയതോടെ ഇക്കാര്യം വീണ്ടും അനിശ്ചിതത്തിലായി. മണ്ഡലം മാറുന്നതിനോട് താത്പര്യമില്ലെന്ന് ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണെന്നും പാര്‍ട്ടി പറഞ്ഞാല്‍ നേമത്ത് മത്സരിക്കാമെന്നും മുരളീധരന്‍ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

