ഉത്സവ ഘോഷയാത്രയ്ക്കിടെ രഥം വൈദ്യുതി ലൈനില്‍ തട്ടി; മൂന്ന് കുട്ടികള്‍ അടക്കം 11 പേര്‍ക്കു ദാരുണാന്ത്യം: നിരവധി പേര്‍ക്ക് പരിക്ക്

ചെന്നൈ: തഞ്ചാവൂരില്‍ ഉത്സവ ഘോഷയാത്രയ്ക്കിടെ രഥം വൈദ്യുതി ലൈനില്‍ തട്ടി മൂന്ന് കുട്ടികള്‍ അടക്കം 11 പേര്‍ മരിച്ചു.

17 പേര്‍ക്കു സാരമായി പരുക്കേറ്റു. രഥത്തിന്റെ മുകള്‍ ഭാഗം ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ തട്ടുകയും അപകടം ഉണ്ടാവുകയും ആയിരുന്നു. ചെന്നൈയില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെ മേലവേലിത്തോട്ടം കാളിമേട്ടിലുള്ള അപ്പാര്‍ ക്ഷേത്രത്തിലാണ് അപകടം ഉണ്ടായത്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണു സംഭവം.

രഥത്തിന്റെ ക്രമാതീതമായ ഉയരമാണ് അപകടത്തിന് വഴിവെച്ചത്. വിഗ്രഹ ഘോഷയാത്ര നടത്താന്‍ ഇരുമ്ബു ഫ്രെയിമുകളില്‍ തയാറാക്കിയിരുന്ന ഈ രഥത്തിന് 30 അടിയിലേറെ ഉയരമുണ്ടായിരുന്നു. രഥത്തിന്റെ മുകള്‍ ഭാഗം ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടുകയും തീപിടിക്കുകയുമായിരുന്നു. ഘോഷയാത്ര കടന്നുപോകുന്ന വഴികളില്‍ വെള്ളം ഒഴുക്കുന്ന ആചാരം ഉണ്ടായിരുന്നതിനാല്‍ റോഡിലെ വെള്ളത്തിലേക്കും വൈദ്യുതി പ്രവഹിച്ചു. ഇതോടെ രഥം വലിച്ചിരുന്നവരും അതില്‍ ഇരുന്നവരും അടക്കം ഷോക്കേറ്റു തെറിച്ചു വീണു.

മാത്രമല്ല വര്‍ണബള്‍ബുകളിലേക്കു വൈദ്യുതിയെത്തിക്കാന്‍ രഥത്തിലുണ്ടായിരുന്ന ജനറേറ്ററും അപകടത്തിന്റെ ആക്കം കൂട്ടി. വൈദ്യുതി ബന്ധം നിലച്ചെങ്കിലും ജനറേറ്റര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. ഇതു ശ്രദ്ധിക്കാതെ ആളുകള്‍ വെള്ളം ഒഴിച്ചു തീകെടുത്താന്‍ ശ്രമിച്ചതും പ്രശ്‌നമായി. ജനറേറ്ററില്‍ നിന്നു ഷോക്കേറ്റ് ഒട്ടേറെപ്പേര്‍ക്കു സാരമായി പരുക്കേറ്റു. രഥം പൂര്‍ണമായി കത്തിനശിച്ചു.

prp

Leave a Reply

*