24 മണിക്കൂര്‍, 20 ലേറെ പ്രദേശങ്ങള്‍: റഷ്യയെ തുരത്തി യുക്രെയിന്‍

കീവ് : 24 മണിക്കൂറിനിടെ റഷ്യന്‍ സൈന്യത്തെ തുരത്തി തിരിച്ചുപിടിച്ചത് 20 ലേറെ ജനവാസ കേന്ദ്രങ്ങള്‍ എന്ന് യുക്രെയിന്‍.

ഈ പ്രദേശങ്ങളുടെ നിയന്ത്രണം മുഴുവനായി തിരിച്ചുപിടിക്കാനുള്ള പോരാട്ടം തുടരുകയാണെന്നും യുക്രെയിന്‍ സൈന്യം ഇന്നലെ പ്രസ്താവനയിലൂടെ അറിയിച്ചു. റഷ്യന്‍ സൈന്യം തങ്ങളുടെ സ്ഥാനങ്ങളും ആയുധങ്ങളും ഉപേക്ഷിച്ച്‌ പാലായനം ചെയ്യുന്നതായി യുക്രെയിന്‍ പറയുന്നു. റഷ്യ ഇതിനോട് പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ തെക്ക്, കിഴക്ക് പ്രദേശങ്ങളില്‍ നിന്ന് റഷ്യയ്ക്കെതിരെ യുക്രെയിന്‍ സൈന്യം ശക്തമായ തിരിച്ചടിയാണ് നടത്തിയത്. ഖാര്‍ക്കീവിലെ ഇസിയം, കുപിയാന്‍സ്ക്, ബലാക്ലിയ നഗരങ്ങള്‍ തിരിച്ചുപിടിച്ചത് ഇതില്‍ ഉള്‍പ്പെടുന്നു. ഞായറാഴ്ച രാത്രി കിഴക്കന്‍ യുക്രെയിനില്‍ വ്യാപകമായി വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു.

കിഴക്കന്‍ യുക്രെയിനിലെ പരാജയത്തിന്‍ മേല്‍ റഷ്യ ചെയ്ത നിരാശയുടെ പ്രവൃത്തിയാണിതെന്ന് യുക്രെയിന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഒലെഗ് നികൊലെന്‍കോ പറഞ്ഞു. ഖാര്‍ക്കീവ്, ഡൊണെസ്ക് മേഖലകളില്‍ പൂര്‍ണമായും സെപൊറീഷ്യ, നിപ്രോപെട്രോവ്‌സ്ക്, സുമി എന്നിവിടങ്ങളില്‍ ഭാഗികമായുമാണ് വൈദ്യുതി തടസപ്പെട്ടത്. ഇവിടങ്ങളില്‍ വൈദ്യുത ബന്ധം പുനഃസ്ഥാപിച്ചെന്ന് യുക്രെയിന്‍ അധികൃതര്‍ പറഞ്ഞു. ഖാര്‍ക്കീവില്‍ 80 ശതമാനം ജല, വൈദ്യുതി വിതരണ ശൃംഖലകള്‍ പുനഃസ്ഥാപിച്ചെന്ന് യുക്രെയിന്‍ അറിയിച്ചു.

prp

Leave a Reply

*