തിങ്കളാഴ്ച തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തില്‍ അയ്യായിരത്തിലേറെ പേര് കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങള്‍ സഹായവുമായി തുര്‍ക്കിയിലേക്ക് പ്രവഹിക്കുമ്ബോള്‍ ഭൂകമ്ബത്തിന് പിന്നാലെ തുര്‍ക്കി ഭരണാധികാരികള്‍ നല്കിയ നിര്‍ദ്ദേശമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കഴിവതും ഫോണ്‍ കോളുകള്‍ ചെയ്യുന്നതില്‍ നിന്ന് മാറി നില്ക്കൂ, അത്യാവശ്യത്തിന് മെസേജ് അയക്കൂ എന്നാണ് ഭരണാധികാരികള്‍ അറിയിച്ചത്.
സുപ്രധാന സാഹചര്യങ്ങളിലൊഴികെ കോളുകള്‍ ചെയ്യുന്നത് ഒഴിവാക്കണമെന്ന് തുര്‍ക്കി സര്‍ക്കാരിലെ മന്ത്രാലയങ്ങള്‍ അറിയിപ്പു നല്കി. ഇനി ഫോണില്‍ വിളിക്കുന്നെങ്കില്‍ കുറച്ച് സമയം മാത്രം സംസാരിക്കുവാനും, എസ് എം എസ്, ഇന്റര്‍നെറ്റ് അധിഷ്ഠിത സന്ദേശങ്ങള്‍ അയക്കാനുമാണ് ആവശ്യപ്പെട്ടത്. രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി സുലൈമാന്‍ സോയ്ലുവും ഇതേ ആവശ്യമുന്നയിച്ച് ട്വീറ്റ് ചെയ്തു.
ഒരു സ്ഥലത്ത് പ്രകൃതിദുരന്തമുണ്ടായാല്‍ രക്ഷപ്പെട്ടവര്‍ മറ്റുള്ളവരെ കണ്ടെത്തുന്നതിനും, സുരക്ഷിതരാണോ എന്ന് അറിയാനും ശ്രമിക്കുന്നത് സാധാരണ ഗതിയില്‍ ഫോണിലൂടെയാവും. ഇതിന് പുറമേ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും ഫോണ്‍ ഉപയോഗം ആവശ്യമാണ്. ഈ അവസ്ഥയില്‍ ഫോണ്‍ ഉപയോഗം വിലക്കുന്നത് എന്തിനാവും ? ഭൂകമ്ബസമയത്ത് ഫോണ്‍ വിളിക്കുന്നത് പരമാവധി കുറയ്ക്കാന്‍ ആവശ്യപ്പെടുന്നത് ഇക്കാരണങ്ങളാലാണ്.
മെസേജാണ് നല്ലത്
പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പരിഭ്രാന്തരായ ആളുകള്‍ കൂട്ടം തെറ്റിയവരേയും, ബന്ധുക്കളേയും വിളിക്കാന്‍ സാദ്ധ്യതയേറെയാണ്. ഇത് കോളുകളുടെ പ്രളയം തീര്‍ക്കുകയും, നെറ്റ്വര്‍ക്ക് ലോഡ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നെറ്റ്വര്‍ക്ക് തിരക്ക് അനുഭവപ്പെടുമ്ബോള്‍ അത് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നവര്ക്കും ബുദ്ധിമുട്ടുണ്ടാക്കും. അതേസമയം മെസേജുകള്‍, എസ് എം എസ് എന്നിവ ഈ ഘട്ടത്തില്‍ അയക്കുന്നത് ഉചിതമായ രീതിയാണ്. കാരണം ഇത് നെറ്റ്വര്‍ക്ക് ട്രാഫിക്കിനെ അധികം ബാധിക്കാറില്ല.
രക്ഷാപ്രവര്‍ത്തനം മുഖ്യം
ഭൂകമ്ബമുണ്ടാകുമ്ബോള് ആദ്യത്തെ മണിക്കൂറുകള്‍ നിര്‍ണായകമാണ്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുവാനും, അവര്‍ക്ക് അധികൃതരെ ബന്ധപ്പെടാനും കഴിയണം. പരിക്കേറ്റവരിലേക്കോ കുടുങ്ങിയവരിലേക്കോ കഴിയുന്നത്ര വേഗത്തില്‍ എത്തിച്ചേരുന്നതിന് ഫോണ്‍ വിളികള്‍ ആവശ്യമാണ്. ഈ സമയം മറ്റ് കാര്യങ്ങള്‍ക്കായി നീണ്ട സമയം നെറ്റ്വര്‍ക്ക് ഓവര്‍ലോഡ് ചെയ്യരുത് എന്ന ഉദ്ദേശത്തോടെയും ഫോണ്‍ വിളികള്‍ ഒഴിവാക്കുന്നത് ഉത്തമമായിരിക്കും.
ബാറ്ററി ലാഭിക്കാം
പ്രകൃതിദുരന്തം സംഭവിക്കുമ്ബോള്‍ വൈദ്യുതി തടസപ്പെടാന്‍ സാദ്ധ്യത കൂടുതലാണ്. ഈ സമയം ഫോണിലെ ബാറ്ററി ചാര്‍ജ് കഴിവതും സൂക്ഷിക്കണം. കോളുകള്‍ ടെക്സ്റ്റുകളേക്കാള്‍ കൂടുതല്‍ ബാറ്ററി ചാര്‍ജ് അപഹരിക്കാറുണ്ട്. പ്രകൃതി ദുരന്തമുണ്ടാകുമ്ബോള്‍ ഞാന്‍ സുരക്ഷിതനാണ് എന്ന രീതിയിലുള്ള സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യാനുള്ള സംവിധാനം സമൂഹമാദ്ധ്യമങ്ങളില്‍ നല്‍കാറുണ്ട്. ഒറ്റ സന്ദേശത്തില്‍ തന്നെ എല്ലാവര്ക്കും ഇതിലൂടെ കാര്യമറിയാനാവും.

