തിരുവനന്തപുരത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മന്ത് രോഗം; പോത്തന്‍കോട് 50 പേരെ പരിശോധിച്ചതില്‍ 18 പേര്‍ക്കും

തിരുവനന്തപുരം: പോത്തന്‍കോട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മന്ത് രോഗം വ്യാപിക്കുന്നു. 50 പേരെ പരിശോധിച്ചതില്‍ 18 പേര്‍ക്കും മന്ത് രോഗം സ്ഥിരീകരിച്ചു.

വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇതരസംസ്ഥന തൊഴിലാളികള്‍ താമസിച്ചിരുന്നത്.

രണ്ടാഴ്ച മുമ്ബാണ് വേങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടന്ന മെഡിക്കല്‍ ക്യാംപില്‍ 50 അതിഥി തൊഴിലാളികളെ പരിശോധിച്ചതില്‍ 18 പേര്‍ക്ക് മന്ത് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 5 പേര്‍ മരുന്നു വാങ്ങാന്‍ പോലും നില്‍ക്കാതെ പോകുകയായിരുന്നുവെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ് ഷിബു പറയുന്നു. മന്ത് രോഗം സ്ഥിതീകരിച്ച 13 പേര്‍ തുടര്‍ ചികിത്സ തേടി. മറ്റു അഞ്ചു പേരെ പറ്റി ആര്‍ക്കും ഒരറിവും ഇല്ല. അവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഒരു പ്രതികരണവും ഇല്ലാത്ത അവസ്ഥയാണ്.

അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. പഞ്ചായത്ത് അധികൃതര്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. പരിശോധന തുടരുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. വൃത്തി ഹീനമായ സാഹചര്യമുള്ളതിനാല്‍ നിലവില്‍ ക്യാംപുകളില്‍ മന്തു രോഗം പടരാനുള്ള സാധ്യതകളുമുണ്ട്.

പോത്തന്‍കോട് പഞ്ചായത്തില്‍ മാത്രം ഇരുപതിനായിരത്തിലധികം ഇതര സംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് അനൗദ്യോഗിക വിവരം. എല്ലാ ക്യാംപുകളിലും വിവരം നല്‍കിയിട്ടും മെഡിക്കല്‍ പരിശോധനയ്ക്ക് ആകെ എത്തിയത് വെറും 50 പേര്‍ മാത്രമാണ്.

ആറ് ക്യാംപുകളിലാണ് ഇന്നലെ സംഘം പരിശോധന നടത്തിയത്. അനധികൃത നിര്‍മാണങ്ങളില്‍ തിങ്ങിഞെരുങ്ങിയാണ് തൊഴിലാളികളുടെ താമസം. വൃത്തിഹീനമായി സാഹചര്യം കണ്ടതിനാല്‍ ഉടമകളില്‍ നിന്നും ഒരുലക്ഷം പിഴ നിര്‍ദേശിച്ചിട്ടുണ്ട്. 10 ദിവസത്തിനകം പിഴയൊടുക്കണമെന്നും അല്ലെങ്കില്‍ താമസക്കാരെ ഒഴിപ്പിക്കണമെന്നുമാണ് ക‍ര്‍ശന നിര്‍ദേശം.

പോത്തന്‍കോട് കൊയ്ത്തൂര്‍ക്കോണം സ്വദേശിയുടെ ഉടമസ്ഥതയില്‍ പല സ്ഥലങ്ങളിലായി ക്യാംപുകള്‍ ഉണ്ട്. ഇവിടെയൊന്നും ആവശ്യത്തിനു ശുചിമുറികളില്ല. ചിലത് പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. മാലിന്യ സംസ്കരണത്തിനും സംവിധനങ്ങളില്ല. സെപ്റ്റിക് ടാങ്ക് തകര്‍ന്നിരിക്കുന്നതിനാല്‍ പരിസരമാകെ ദുര്‍ഗന്ധമാണ്. ഒരു ഷെഡ്ഡില്‍ ചെറിയ 4 മുറികളിലായി 36 പേരുണ്ട്. കൂടാതെ മറ്റൊരു കെട്ടിടത്തില്‍ രണ്ടു മുറികളിലായി 18ഉം മറ്റൊരു മുറിയില്‍ 8ഉം പേര്‍ താമസമുണ്ട്.

ഒരാളില്‍ നിന്നും മാസം 1200 രൂപയാണ് വാങ്ങുന്നത്. ഇതിനു സമീപത്തെ കെട്ടിടത്തിലും വൃത്തിഹീനമായ സാഹചര്യമായിരുന്നു. ഇവിടെ 40 പേരാണ് താമസം. ജംഗ്ഷനു സമീപത്തായി കോഴിഫാം പോലൊരു കെട്ടിടത്തെ പലമുറികളാക്കി മാറ്റിയാണ് താമസം ഒരുക്കിയിട്ടുള്ളത്.

prp

Leave a Reply

*