കൊച്ചി: ലോക ജനതയെ നടുക്കിയ സുനാമി ദുരന്തത്തിന്റെ ഓർമകൾക്ക് ഇന്ന് പതിനാല് വയസ്. 2004 ഡിസംബർ 26 ന് ക്രിസ്മസ് ആഘോഷത്തിന്റെ ആലസ്യം തീരും മുമ്പേ ആഞ്ഞടിച്ച ഭീമൻ തിരമാലകൾ 14 രാജ്യങ്ങളിൽ നിന്നായി കവർന്നെടുത്തത് മൂന്ന് ലക്ഷത്തോളം മനുഷ്യജീവനുകളെയായിരുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിലാ സുനാമി തിരമാലകൾ ആഞ്ഞടിച്ചത്. ഇന്ത്യോനേഷ്യ,ഇന്ത്യ ശ്രീലങ്ക, മാലിദ്വീപുകൾ, തായ്ലന്റ് എന്നീ രാജ്യങ്ങളിലാണ് സുനാമി ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ വിതച്ചത്. ഡിസംബർ 26ന് പ്രാദേശികസമയം 7.59 ന് ഇന്തോനേഷ്യൻ ദ്വീപായ സൂമാത്രയുടെ പടിഞ്ഞാറൻ തീരത്തുണ്ടായ 9.1 വ്യാപ്തിയുള്ള ഭൂകമ്പം ഏഴ് മണിക്കൂറിനുള്ളിൽ, കിഴക്കൻ ആഫ്രിക്ക വരെ എത്തിയ വൻ തിരമാലകളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചു.
14 ബില്യൺ ഡോളറിന്റെ നാശനഷ്ടം ഉണ്ടാക്കിയാണ് രാക്ഷസത്തിരകൾ പിൻവാങ്ങിയത്. യുഎസ് ജിയോളജിക്കൽ സർവെയുടെ കണക്കുകൾ പ്രകാരം ഹിരോഷിമയിൽ ഉപയോഗിച്ചത് പോലെയുള്ള 23,000 ബോംബുകൾക്ക് തുല്യമായ ഊർജ്ജമാണ് സുനാമിയിലൂടെ പുറംതള്ളിയത്. സുനാമി ഏറ്റവും കൂടുതൽ ബാധിച്ച ഇന്തോനേഷ്യയിലെ അഷേഹിൽ ആഞ്ഞടിച്ച തിരമാലകൾക്ക് മുപ്പത് മീറ്റർ വരെ ഉയരമുണ്ടായിരുന്നു .
ഇന്ത്യയിൽ കന്യാകുമാരി, ചെന്നൈ മറീന ബീച്ച്, ആന്ധ്ര, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, കേരള തീരങ്ങൾ എന്നിവിടങ്ങളിലാണു സുനാമി ആഞ്ഞടിച്ചത് . അവധിക്കാലം ചിലവഴിക്കാനെത്തിയ വിനോദസഞ്ചാരികൾ ഉള്പ്പെടെ 18,045 പേരാണ് മരണപ്പെട്ടത്. തമിഴ്നാടിന്റെ തീരപ്രദേശങ്ങൾ ഉൾപ്പെടെ നിരവധി മത്സ്യ ബന്ധന ഗ്രാമങ്ങൾ തന്നെ അപ്രത്യക്ഷമായി.
കൊല്ലം ജില്ലയിലെ ആലപ്പാട്, ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ എന്നിവിടങ്ങളിലാണ് കേരളത്തിൽ സുനാമി എറ്റവും ദുരന്തം വിതച്ചത്. വർഷങ്ങളെത്ര കഴിഞ്ഞാലും ചരിതത്തിൽ 2004 ഡിസംബർ 26 കറുത്ത ദിനമാണ്. ലക്ഷക്കണക്കിന് പേരുടെ ജീവിതവും സ്വപ്നങ്ങളും ഒരു നിമിഷം കൊണ്ട് കടലിലേക്ക് വലിച്ചെറിയപ്പെട്ട ദിനം .
