സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവില്‍ വന്നു

കൊച്ചി: സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവില്‍ വന്നു. ദേശീയ ട്രോളിങ് നയത്തിന്‍റെ ഭാഗമായി ഇക്കുറി 52 ദിവസമാണ് നിരോധനം. ദേശീയ ട്രോളിങ് നയമനുസരിച്ച്‌ 61 ദിവസമാണ് ട്രോളിംഗ് നിരോധനം നടപ്പാക്കേണ്ടത്. ഈ നയം ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് 47 ദിവസമായിരുന്ന ട്രോളിംഗ് നിരോധനം ഇക്കുറി 52 ദിവസമായി ഉയര്‍ത്തിയത്.

ഓഖി ചുഴലിക്കാറ്റും അടിക്കടി കടല്‍ പ്രക്ഷുബ്ദമാവുന്നതും മൂലം നിരവധി തൊഴില്‍ദിനങ്ങള്‍ ഇതിനോടകം നഷ്ടപ്പെട്ടതിനാല്‍ ഇക്കുറി ട്രോളിംഗ് കാലത്ത് ദുരിതം ഏറുമെന്ന് തൊഴിലാളികള്‍ പറയുന്നു. നിരോധനകാലത്ത് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ അപര്യാപ്തമെന്ന പരാതിയും മത്സ്യതൊഴിലാളികള്‍ ഉന്നയിച്ചു. നിരോധനം കര്‍ശനമായി നടപ്പാക്കുന്നതിനായി തീരദേശങ്ങളില്‍ ഫിഷറീസ് വകുപ്പ് നിരീക്ഷണം ശക്തമാക്കും.

ട്രോളിംഗ് നിരോധനം നടപ്പാക്കുന്നതിന്‍റെ ഭാഗമായി തീരദേശ ജില്ലകളില്‍ കളക്ടര്‍മാര്‍ ഉന്നത ഉദ്യോഗസ്ഥരുടെയും മത്സ്യതൊഴിലാളി യൂണിയനുകളുടെയും യോഗം വിളിച്ചു. അതേസമയം നിരോധന കാലയളവ് വര്‍ദ്ധിപ്പിച്ച നടപടി ചോദ്യംചെയ്തുള്ള ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടിയിട്ടുണ്ട്. ഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിക്കും.

prp

Leave a Reply

*