ബംഗാളില്‍ ഇന്ന് ബിജെപി ബന്ദ്

കൊല്‍ക്കത്ത: ബംഗാളില്‍ ശനിയാഴ്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കനല്‍ ഒടുങ്ങുന്നില്ല. രണ്ട് ബിജെപി പ്രവര്‍ത്തകരും ഒരു തൃണമൂല്‍ പ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ കൊല്‍ക്കത്തയിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിച്ച്‌ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി 12 മണിക്കൂര്‍ ബന്ദ് നടത്താന്‍ ബിജെപി ആഹ്വാനം ചെയ്തു.

മൃതദേഹങ്ങളുമായി വിലാപ യാത്ര നടത്തിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് പാതി വഴിയില്‍ തടഞ്ഞതും സംഘര്‍ഷത്തിന് കാരണമായി. തുടര്‍ന്ന് റോഡരികില്‍ അന്ത്യകര്‍മങ്ങള്‍ നടത്തുമെന്ന് ബിജെപി ഭീഷണിപ്പെടുത്തിയെങ്കിലും പിന്നീട് തീരുമാനം മാറ്റി. 12ന് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് മാര്‍ച്ച്‌ നടത്താനും ബിജെപി തീരുമാനിച്ചു. ഇരുപാര്‍ട്ടി പ്രവര്‍ത്തകരും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം തുടരുകയാണ്.

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നും മമതാ ബാനര്‍ജി സര്‍ക്കാറാണ് ഉത്തരവാദിയെന്നും ആരോപിച്ച്‌ സംസ്ഥാന ബിജെപി നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് സ്ഥിതിഗതികള്‍ ശാന്തമാക്കാനും ജനത്തിന് ആത്മവിശ്വാസം നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ശനിയാഴ്ച രാത്രിയാണ് നോര്‍ത്ത് 24 പാരഗണാസില്‍ തൃണമൂല്‍-ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റ ഒരു പ്രവര്‍ത്തകന്‍ മരിച്ചെന്നും അഞ്ചിലേറെ പ്രവര്‍ത്തകരെ കാണാനില്ലെന്നും ബിജെപി പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. അതേസമയം, സംസ്ഥാനത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച്‌ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയാണ് ബിജെപി ലക്ഷ്യമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

prp

Leave a Reply

*