തിരുവനന്തപുരം മാളിന് പുറമേ കേരളത്തില്‍ അഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി തുറക്കാന്‍ ലുലു ഗ്രൂപ്പ് ; തിരുവനന്തപുരത്ത് ഇലക്‌ട്രോണിക്സ് ഉപകരണ നിര്‍മ്മാണ കേന്ദ്രവും പരിഗണനയില്‍


അബുദാബി • കേരളത്തില്‍ തിരുവനന്തപുരം മാളിന് പുറമേ അഞ്ച് നഗരങ്ങളില്‍ കൂടി അഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി ഒരുങ്ങി ലുലു ഗ്രൂപ്പ്. തൃശ്ശൂര്‍, കോട്ടയം, കോഴിക്കോട്, കാസര്‍കോട്, പാലക്കാട് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നത്. വിപുലീകരണത്തിന്റെ ഭാഗമായി ഇന്ത്യ , ഗള്‍ഫ് രാജ്യങ്ങള്‍, ഈജിപ്ത്, ഇന്‍ഡൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ പുതിയ ഹൈപ്പര്‍മാര്‍റ്റുകള്‍ തുറക്കുന്നുണ്ട്.

ഇന്‍ഡൊനീഷ്യയിലെ മൂന്നാമത്തെതും ഗ്രൂപ്പിന്റെ 191-ാമതുമായ ഹൈപ്പര്‍മാര്‍ക്കറ്റ് തലസ്ഥാനമായ ജക്കാര്‍ത്തയ്ക്കടുത്തുള്ള വെസ്റ്റ് ജാവയിലെ ബോഗോര്‍ പ്രവിശ്യയില്‍ ഉദ്ഘാടനം ചെയ്തു. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്‍ഡൊനീഷ്യയില്‍ പത്ത് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി ആരംഭിക്കുമെന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ യു.എ.ഇ.യിലും ഈജിപ്തിലും ലുലു പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുറന്നിരുന്നു.

തിരുവനന്തപുരം ലുലു മാള്‍, ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാളായ ലഖ്‌നൗ ലുലു മാള്‍ എന്നിവ അടുത്ത മാര്‍ച്ച്‌-ഏപ്രില്‍ മാസത്തോടെ പ്രവര്‍ത്തനമാരംഭിക്കുമെന്നും ലുലു വ്യക്തമാക്കി. ഇ-കൊമേഴ്‌സ് പ്രവര്‍ത്തനം കേരളത്തില്‍ എല്ലായിടത്തും വ്യാപകമാക്കും. കൂടാതെ കൊച്ചിയില്‍ 100 ശതമാനം കയറ്റുമതിക്കായുള്ള മത്സ്യ സംസ്കരണകേന്ദ്രവും ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ചൈനയുമായുള്ള പ്രശ്നങ്ങള്‍ നിരീക്ഷിക്കുകയാണ്. ഇന്ത്യയില്‍ പുതിയ നിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങേണ്ടിവന്നാല്‍ അതിനും സജ്ജമാകുമെന്നും തിരുവനന്തപുരത്തു ഇലക്‌ട്രോണിക്സ് ഉപകരണ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും യൂസഫലി പറഞ്ഞു.

prp

Leave a Reply

*