അഗര്‍ത്തല: വോട്ടെടുപ്പിന് പിന്നാലെ അക്രമം രൂക്ഷമായ ത്രിപുരയില്‍ സി.പി.എം പ്രവര്‍ത്തകനെ ബി.ജെ.പിക്കാര്‍ അടിച്ചുകൊന്നു.
ഖോവായ് ജില്ലയിലെ തെലിയമുറ ബഗന്‍ബസാറില്‍ ദിലീപ് ശുക്ല ദാസ് (55) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. മൃതദേഹം പാര്‍ട്ടി ഓഫിസില്‍ പൊതുദര്‍ശനത്തിന് വെക്കാന്‍ വിട്ടുകൊടുക്കാതിരുന്ന പൊലീസ് നടപടി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. വിലാപയാത്രയും പൊലീസ് തടഞ്ഞു.
കൊലപാതകക്കേസില്‍ ബി.ജെ.പി നേതാവും ഗ്രാമപഞ്ചായത്ത് പ്രധാനുമായ കൃഷ്ണ കമല്‍ദാസിനെ പൊലീസ് അറസ്റ്റുചെയ്‌തു. ടൗണില്‍ സാധനങ്ങള്‍ വാങ്ങി മടങ്ങവേ പിതാവിനെ ബി.ജെ.പിക്കാര്‍ ആക്രമിക്കുകയായിരുന്നുവെന്ന് മകന്‍ ബിശ്വജിത് ദാസ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ത്രിപുര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. സി.പി.എമ്മിനായി പ്രവര്‍ത്തിച്ച ദിലീപ് ശുക്ല ദാസിനെ ശനിയാഴ്‌ച കൃഷ്ണ കമല്‍ദാസ് അടക്കമുള്ള ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ദിലീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്‌ച മരിച്ചു.
എന്നാല്‍, സംഭവം വ്യക്തിവൈരാഗ്യത്തിന്റെ ഫലമാണെന്നും ഇതിന് രാഷ്ട്രീയ നിറം നല്‍കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഖോവായ് ജില്ലാ പോലീസ് സൂപ്രണ്ട് രതി രഞ്ജന്‍ ദേബ്‌നാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. “അയല്‍ക്കാര്‍ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുന്നു”-പൊലീസ് പറഞ്ഞു.
അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്ബ് എങ്ങനെയാണ് പൊലീസ് ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി ചോദിച്ചു. പൊലീസ് ബിജെപിയുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങുകയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ മണിക് സര്‍ക്കാര്‍ പറഞ്ഞു.
ആദരാഞ്ജലി അര്‍പ്പിക്കാന്‍ മൃതദേഹം പാര്‍ട്ടി ഓഫിസിലേക്ക് കൊണ്ടുപോകുന്നതിന് പൊലീസ് അനുമതി നിഷേധിച്ചു. തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകര്‍ അഗര്‍ത്തല നഗരത്തിലെ ഗോവിന്ദ് ബല്ലഭ് പന്ത് (ജിബിപി) ആശുപത്രി റോഡ് ഉപരോധിച്ചു.
അതിനിടെ, ടിപ്ര മോത സ്ഥാനാര്‍ത്ഥി എംഡി ഷാ ആലം മിയയുടെ കാര്‍ ജോയ്പൂരില്‍ വച്ച് ആക്രമിക്കപ്പെട്ടു. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ഇഷ്ടികകളും മൂര്‍ച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് അക്രമികള്‍ വാഹനത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ഷാ ആലം മിയയുടെ ഡ്രൈവര്‍ക്ക് കഴുത്തിലും തൊണ്ടയിലും പരിക്കേറ്റു. കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു.

