കുഴഞ്ഞുവീണു മരിച്ച വീട്ടമ്മയ്‌ക്ക് കോവിഡ്; സംസ്‌കാരം പ്രോട്ടോകോള്‍ ലംഘിച്ച്‌, സ്ഥിതി ഗുരുതരം

തൃശൂര്‍: തൃശൂരില്‍ കോവിഡ് മരണം . ജൂലെെ അഞ്ചിനു കുഴഞ്ഞുവീണു മരിച്ച തൃശൂര്‍ സ്വദേശിയായ വീട്ടമ്മയ്‌ക്ക് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികളുടെ ഭാഗമായി ശേഖരിച്ച സ്രവസാംപിളുകള്‍ പരിശോധിച്ചപ്പോഴാണ് മരിച്ച വീട്ടമ്മയ്‌ക്ക് കോവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചത്. തൃശൂര്‍ അരിമ്ബൂര്‍ കുന്നത്തങ്ങാടി സ്വദേശിനി വത്സലയാണ് (63 വയസ്) മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 30 ആയി.

ഈ മാസം അഞ്ചിന്​ അബോധാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ച ഉടനെ വത്സല മരിക്കുകയായിരുന്നു. മരണകാരണത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ കോവിഡ്​ പരിശോധനയും പോസ്റ്റ്‌മോര്‍ട്ടവും നടത്തുകയായിരുന്നു. ട്രുനാറ്റ് പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയിരുന്നു. എന്നാല്‍, വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കിയ ശേഷമാണ് വത്സലയ്‌ക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നെന്ന് സ്ഥിരീകരിക്കുന്നത്. ഇന്നാണ് സ്ഥിരീകരണം ലഭിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്‌ത ഡോക്‌ടറടക്കം ക്വാറന്റെെനില്‍ പോകണം. സെക്കന്‍ഡറി കോണ്ടാക്‌ട്​ വഴിയായിരുന്നു ഇവര്‍ക്ക്​ രോഗം സ്​ഥിരീകരിച്ചത്. ശവസംസ്‌കാര ചടങ്ങില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച്‌ നിരവധിപേര്‍ പങ്കെടുത്തിട്ടുണ്ട്. ഇവരോടെല്ലാം ക്വാറന്റെെനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജൂലെെ ഏഴിനായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

നേരത്തെ ഗുരുവായൂരില്‍ നിന്ന് തൃശൂരിലേക്ക് പോയ കെഎസ്‌ആര്‍ടിസി ബസിലെ കണ്ടക്‌ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ ബസില്‍ യാത്ര ചെയ്‌ത വത്സലയുടെ മകള്‍ ക്വാറന്റെെനില്‍ കഴിയുകയായിരുന്നു. മകള്‍ ക്വാറന്റെെനില്‍ ആയതിനാല്‍ വത്സലയും ക്വാറന്റെെനില്‍ കഴിയുകയായിരുന്നു.

എറണാകുളത്തും കോവിഡ് മരണം

ഇന്ന് എറണാകുളം ജില്ലയില്‍ ഒരു കോവിഡ് മരണം സ്ഥിരീകരിച്ചിരുന്നു. എറണാകുളം പെരുമ്ബാവൂര്‍ പൊന്നമ്ബിള്ളില്‍ ബാലകൃഷ്‌ണന്‍(79) ആണ് മരിച്ചത്. ഇന്നലെയാണ് ഇദ്ദേഹം മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 30 ആയി. ഇയാള്‍ക്ക് എവിടെനിന്നാണ് കോവിഡ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. ബാലകൃഷ്‌ണനുമായി അടുത്ത ബന്ധം പുലര്‍ത്തിയ എല്ലാവരുടെയും സ്രവം ശേഖരിച്ചിട്ടുണ്ട്. സമ്ബര്‍ക്ക പട്ടികയിലുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കോവിഡ് തിരിച്ചറിയാത്തതിനാല്‍ ഇയാള്‍ക്ക് ചികിത്സ വൈകിയതായി ആരോപണമുയര്‍ന്നിരുന്നു.

തൃശൂരില്‍ കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ ആത്മഹത്യ ചെയ്‌തു

കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ തൂങ്ങി മരിച്ചു. ത്യശൂര്‍ സ്വദേശി ജോണ്‍സണ്‍ (65) ആണ് മരിച്ചത്. ജൂലൈ ഏഴിന് മുംബൈയില്‍ നിന്നെത്തിയ ഇയാള്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കോവിഡ് ടെസ്റ്റ് നടത്തിയ ശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക.

പൊന്നാനിയില്‍ നാളെ സമ്ബൂര്‍ണ ലോക്ക്‌ഡൗണ്‍

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പൊന്നാനി താലൂക്കില്‍ നാളെ സമ്ബൂര്‍ണ ലോക്ക്‌ഡൗണ്‍ ആയിരിക്കും. പൊന്നാനി താലൂക്കില്‍ ഇന്നലെ മാത്രം 22 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. പൊന്നാനിയില്‍ പൂന്തുറ മോഡല്‍ സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടാകാതിരിക്കാനാണ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. വിവിധ മേഖലകളില്‍ ഉള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥിതി ഗുരുതരമായ പൊന്നാനിയില്‍ ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെ പൊന്നാനിയില്‍ സബ്‌ട്രഷറി പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. തിരൂരങ്ങാടി നഗരസഭ ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇവിടുത്തെ ഓഫീസും അടച്ചിരുന്നു.

കോഴിക്കോട് ജില്ലയിലെ ഹാര്‍ബറുകള്‍ അടച്ചിടും

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ഹാര്‍ബറുകള്‍ ഞായറാഴ്‌ചകളില്‍ പൂര്‍ണമായും അടച്ചിടും. ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി, ചോമ്ബാല ഹാര്‍ബറുകളാണ് അടയ്‌ക്കുന്നത്. ഈ പ്രദേശം നിയന്ത്രിതമേഖലകളായി ജില്ലാ കലക്‌ടര്‍ പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. ഹാര്‍ബര്‍ മാനേജ്‌മെന്റ് കമ്മറ്റികള്‍ നല്‍കുന്ന പാസ് ഉള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.

പൂന്തുറയില്‍ ദ്രുതപ്രതികരണ സംഘം രൂപീകരിച്ചു

അതീവ ജാഗ്രത തുടരുന്ന പൂന്തുറയില്‍ ദ്രുതപ്രതികരണസംഘത്തെ നിയോഗിച്ചു. ആരോഗ്യ, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതാണ് സംഘം. തഹസില്‍ദാര്‍ക്ക് കീഴിയില്‍ 24 മണിക്കൂറും ഇവര്‍ പ്രവര്‍ത്തിക്കും. കോവിഡ് പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കും.

prp

Leave a Reply

*