തൈറോയ്ഡ് രോഗങ്ങള്‍ കേരളത്തില്‍ കൂടിവരികയാണ്. പ്രത്യേകിച്ച് സ്ത്രീകളില്‍. പ്രധാനമായും രണ്ടുതരത്തിലുള്ള തൈറോയ്ഡ് തകരാറുകളാണ് കണ്ടുവരുന്നത്. തൈറോയ്ഡ് ഹോര്‍മോണിന്റെ ഉല്‍പ്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് എട്ടു മടങ്ങു വരെ ഈപ്രശ്നം കൂടുതലായി കാണപ്പെടുന്നത്. ശരീരഭാരം കൂടുക, മുടികൊഴിച്ചില്‍, വരണ്ട ചര്‍മം, തണുപ്പ് സഹിക്കാനാവാത്ത അവസ്ഥ, ശരീര വേദന തുടങ്ങിയവയാണ് മുഖ്യ ലക്ഷണങ്ങള്‍.
തൈറോയ്ഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പര്‍ തൈറോയ്ഡിസം. ചില മരുന്നുകളുടെ അമിത ഉപയോഗവും അയഡിന്റെ ആധിക്യവും ഹൈപ്പര്‍ തൈറോയ്ഡിസമുണ്ടാക്കുന്നു. ശരീരം പെട്ടെന്നു ക്ഷീണിക്കുക, അമിത വിയര്‍പ്പ്, നെഞ്ചിടിപ്പ്, കൈവിറയല്‍, ചൂട് സഹിക്കാനാവാതെ വരിക, അമിത ഉത്കണ്ഠ, ദേഷ്യം എന്നിവയാണ് ലക്ഷണങ്ങള്‍.
എന്തൊക്കെ കഴിക്കാം
തൈറോയ്ഡ് ചികിത്സക്ക് മരുന്നുകളോടൊപ്പം ഭക്ഷണ നിയന്ത്രണത്തിനും പ്രാധാന്യമുണ്ട്. തൈറോയിഡ് ഹോര്‍മോണ്‍ ശരിയായ അളവില്‍ ഉല്‍പ്പാദിപ്പിക്കപ്പെടണമെങ്കില്‍ ഭക്ഷണത്തില്‍ അയഡിന്‍, കാത്സ്യം, നിയാസിന്, സിങ്ക്, ജീവകങ്ങളായ ബി 12, ബി 6, സി, ഇ തുടങ്ങിയവയൊക്കെ അടങ്ങിയിരിക്കണം. കടല്‍ വിഭവങ്ങളില്‍ അയഡിന്‍ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. കടല്‍ മത്സ്യങ്ങളും പച്ചക്കറികളും അയഡിന്റെ ഉത്തമ സ്രോതസ്സാണ്. തവിടു കളയാത്ത അരിയില്‍ തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പ്പാദനത്തിനാവശ്യമായ നിയാസിന് ധാരാളമടങ്ങിയിട്ടുണ്ട്.
കഴിക്കാന്‍ പാടില്ലാത്തവ
തൈറോയ്ഡ് ഹോര്‍മോണിന്റെ ഉല്പാദനത്തിന് തടസ്സം നില്ക്കുന്ന ചില ഭക്ഷണ സാധനങ്ങളുണ്ട്. ഇവയെ ഗോയിട്രോജനുകള്‍ എന്നാണ് വിളിക്കുന്നത്. ഇവയിലടങ്ങിയിരിക്കുന്ന സയനോ ഗ്ലൈക്കോസൈഡുകളും തയോസയനേറ്റുമാണ് ഹോര്‍മോണ്‍ ഉല്പാദനത്തെ തടയുന്നത്. കാബേജ്, കോളിഫ്ളവര്‍, കപ്പ, സോയാബീന്‍, ചീര, മധുരക്കിഴങ്ങ് തുടങ്ങിയവ തൈറോയ്ഡ് ഗ്രന്ഥി അയഡിന്‍ ഉപയോഗിച്ചുകൊണ്ട് ഹോര്‍മോണ്‍ ഉല്‍പ്പാദനം നടത്തുന്നതിനെ തടസ്സപ്പെടുത്തുന്നു. തൈറോയ്ഡ് പ്രശ്നമുള്ളവര്‍ ഇത്തരം ആഹാരസാധനങ്ങള്‍ കുറയ്ക്കുന്നതാണ് നല്ലത്.
തൈറോയ്ഡിന്റെ മരുന്ന് കഴിക്കുമ്പോള്‍ ശ്രദ്ധിക്കുക
- ഭക്ഷണത്തിന് ഒന്നര മണിക്കൂര്‍ മുമ്പ് മരുന്നു കഴിക്കണം
- ദിവസവും രാവിലെ ഒരേ സമയത്തു തന്നെ മരുന്നു കഴിക്കുക
- ഗുളിക കഴിക്കാന്‍ തിളപ്പിച്ചാറിയ വെള്ളമാണ് നല്ലത്.
- മരുന്നു കഴിച്ച് ഒരു മണിക്കൂറിനുള്ളില്‍ പാല്, പാല് ഉല്പന്നങ്ങള് തുടങ്ങിയവ കഴിക്കരുത്.
