നിയമസഭയിലെ കോലഹലാഭിനയം മതിയാക്കി ജനങ്ങളോടു മറുപടി പറയേണ്ട ബാധ്യത കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്കുണ്ട്; തോമസ് ഐസക്

നയപ്രഖ്യാപന പ്രസംഗത്തിനായി നിയമ സഭയില്‍ എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്. പൌരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുയരുന്ന പ്രക്ഷോഭത്തില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ പങ്കെന്താണെന്നു തോമസ് ഐസക് തന്റെ ഫേസ്ബുക് കുറിപ്പിലൂടെ ചോദിക്കുന്നു.

പ്രധാനപ്പെട്ട വിഷയം രാജ്യം ചര്‍ച്ച ചെയ്യണമെന്നല്ല, ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിപ്പിച്ചാല്‍ യഥാര്‍ത്ഥ ചോദ്യങ്ങള്‍ ജനം വിഴുങ്ങുമെന്ന് വെറുതേ കിനാവു കാണുകയാണ് കേരളത്തിലെ പ്രതിപക്ഷമെന്നും അതൊരു പാഴ്ക്കിനാവായിരിക്കുമെന്ന് തിരിച്ചറിയാത്തവരായും കേരളത്തില്‍ ഏതാനും പ്രതിപക്ഷ നേതാക്കള്‍ മാത്രമേ കാണൂവെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക് പോസ്റ്റ് പൂര്‍ണരൂപത്തില്‍,

പൌരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുയരുന്ന പ്രക്ഷോഭത്തിൽ ഒരു രാഷ്ട്രീയപ്പാർട്ടി എന്ന നിലയിൽ കോൺഗ്രസിന്റെ പങ്കെന്താണ്? നിയമസഭയിലെ കോലഹലാഭിനയം മതിയാക്കി ജനങ്ങളോടു മറുപടി പറയേണ്ട ബാധ്യത കോൺഗ്രസിന്റെ നേതാക്കൾക്കുണ്ട്. ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് ഈ പ്രശ്നം ഏറ്റെടുത്ത് കോൺഗ്രസ് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്? ഈ നിയമഭേദഗതിയ്ക്കെതിരെ രാഷ്ട്രീയമായി നിരന്തരം സമരം നടക്കുന്നത് കേരളത്തിലും ബംഗാളിലും ത്രിപുരയിലുമാണ്. കോൺഗ്രസ് അധികാരത്തിലും പ്രതിപക്ഷത്തുമായി എത്ര സംസ്ഥാനങ്ങൾ ഇന്ത്യയിലുണ്ട്? ഈ മൂന്നു സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് സമാനമായ ഒരു ജനകീയ മുന്നേറ്റം ഏതെങ്കിലും സംസ്ഥാനത്ത് സംഘടിപ്പിക്കാൻ കോൺഗ്രസ് തയ്യാറായിട്ടുണ്ടോ? എത്ര കോൺഗ്രസ് നേതാക്കൾ സമരമുഖത്തുണ്ട്?

ജനുവരി 30ന് വയനാട്ട് ലോംഗ് മാർച്ച് നടത്താനെത്തുകയാണ് രാഹുൽ ഗാന്ധി. എന്തേ സമാനമായൊരു സമരം അദ്ദേഹം ഇക്കഴിഞ്ഞ വർഷം വരെ പ്രതിനിധീകരിച്ച ഉത്തർപ്രദേശിൽ നടത്തുന്നില്ല? പൌരത്വ പ്രശ്നത്തിൽ പോലീസ് ഭീകരതയും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആഹ്വാനഭീകരതയും നടക്കുന്ന സംസ്ഥാനമാണല്ലോ ഉത്തർ പ്രദേശ്. അവിടെ കോൺഗ്രസ് എന്താണ് ചെയ്യുന്നത്?

52 ലക്ഷം വോട്ടും 26 സീറ്റുമുണ്ട് കോൺഗ്രസിന് ആസാമിൽ. പത്തൊമ്പതു ലക്ഷം മനുഷ്യർ തടങ്കൽപ്പാളയത്തിലാകാൻ പോകുന്ന സംസ്ഥാനം. ആ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാണ് കോൺഗ്രസ്. ദേശീയ പൌരത്വ രജിസ്റ്റർ എന്ന ഭീഷണിയുടെ തീപ്പൊള്ളൽ അനുഭവിച്ചറിഞ്ഞ സംസ്ഥാനമാണ് ആസാം. രാജ്യത്തിന്റെ മുന്നിൽ എടുത്തു കാണാൻ പാകത്തിന് ഒരു സമരം കോൺഗ്രസിന്റെ നേതൃത്വത്തിൽ ആസാമിൽ നടന്നിട്ടുണ്ടോ?

മോദി സർക്കാർ ആസാംകാരുടെ ചുമലിൽ അടിച്ചേൽപ്പിച്ച കെടുതികൾക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച് അണിനിരത്താനോ, നരേന്ദ്രമോദിയ്ക്കും അമിത്ഷായ്ക്കും ശക്തമായ താക്കീതാകുംവിധത്തിൽ ഒരു ജനമുന്നേറ്റത്തിനു രൂപം നൽകാനോ ആസാമിലെ കോൺഗ്രസിന് കഴിയുന്നില്ല. രാഹുലും പ്രിയങ്കയും എ കെ ആന്റണിയുമൊക്കെ ചില സമരമുഖങ്ങളിൽ അണിനിരക്കുന്നു എന്നതു ശരി തന്നെ. എന്നാൽ പരാജിതന്റെ ശരീരഭാഷയിലാണ് അവർ ജനങ്ങളോട് സംഗമിക്കുന്നത്.

അവശേഷിക്കുന്ന ഹിന്ദു വോട്ടു ബാങ്കു കൂടി ചോർന്നുപോകുമോ എന്ന ആശങ്കയിലാണ് യഥാർത്ഥത്തിൽ കോൺഗ്രസ്. മനുഷ്യനെ മനുഷ്യനായി കാണാനുള്ള വിവേകം കോൺഗ്രസ് പ്രകടിപ്പിച്ച സന്ദർഭങ്ങൾ വിരളമാണല്ലോ.
കോൺഗ്രസിന്റെ അകത്തളങ്ങളെ ഭയപ്പെടുത്തുന്ന ആശങ്കകളെക്കുറിച്ച് കോൺഗ്രസുകാർ തന്നെയാണ് തുറന്നു പറയുന്നത്. ഹിന്ദു വോട്ടുകള്‍ നഷ്ടമാകുമോയെന്ന ഭയം നിമിത്തം ഹിന്ദുക്കളായ പല കോണ്‍ഗ്രസ് നേതാക്കളും തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിക്കുന്നില്ലെന്ന പരാതി പരസ്യമായി പറഞ്ഞത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദാണ്.

അലിഗഡ് മുസ്‍ലിം സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥി സമ്മേളനത്തിലാണ് ഗുലാംനബി ആസാദിന്റെ വെളിപ്പെടുത്തൽ. കോൺഗ്രസ് നേതാക്കൾക്കു തന്നെ പരസ്യമായി ഇത്തരത്തിൽ സംസാരിക്കണ്ടി വന്നിരിക്കുന്നു. ഇതാണ് രാജ്യത്തെ സാഹചര്യം.

അതു മറച്ചുവെയ്ക്കാനാണ് കേരളത്തിൽ ഈ അഭ്യാസപ്രകടനങ്ങളൊക്കെ കാണിക്കുന്നത്. പ്രധാനപ്പെട്ട വിഷയം രാജ്യം ചർച്ച ചെയ്യണമെന്നല്ല, ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം മൂർച്ഛിപ്പിച്ചാൽ യഥാർത്ഥ ചോദ്യങ്ങൾ ജനം വിഴുങ്ങുമെന്ന വെറുതേ കിനാവു കാണുകയാണ് കേരളത്തിലെ പ്രതിപക്ഷം. അതൊരു പാഴ്ക്കിനാവായിരിക്കുമെന്ന് തിരിച്ചറിയാത്തവരായും കേരളത്തിൽ ഏതാനും പ്രതിപക്ഷ നേതാക്കൾ മാത്രമേ കാണൂ.

(ചിത്രം – മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നടന്ന പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ സംസാരിക്കുന്നു എസ്‌.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി സ. ദീപ്ഷിതാ ധർ)

prp

Leave a Reply

*