തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ഥാര്‍ ലേലം ചെയ‌്തതിന് പിന്നാലെ വാഹനം കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം.
താല്‍കാലികമായാണ് ലേലം ഉറപ്പിച്ചതെന്നും വാഹനം വിട്ടുനല്‍കുന്നതില്‍ പുനരാലോചന വേണ്ടി വരുമെന്നുമാണ് ദേവസ്വം ചെയര്‍മാന്റെ നിലപാട്. ബഹ്‌റനിലുള്ള എറണാകുളം സ്വദേശി അമല്‍ മുഹമ്മദാണ് 15.10 ലക്ഷം രൂപയ്‌ക്ക് വാഹനം സ്വന്തമാക്കിയത്.
25 ലക്ഷം രൂപ വരെ കൊടുക്കാന്‍ തയ്യാറായിരുന്നുവെന്ന് അമലിന്റെ പ്രതിനിധി പറഞ്ഞതോടെയാണ് ലേലം തര്‍ക്കത്തിലേക്ക് മാറിയത്. 15 ലക്ഷം രൂപയാണ് അടിസ്ഥാനവിലയായി ദേവസ്വം നിശ്ചയിച്ചത്.
ഒരാള്‍ മാത്രം പങ്കെടുത്ത ലേലത്തില്‍ 15.10 ലക്ഷം രൂപക്കാണ് അമല്‍ വാഹനം സ്വന്തമാക്കിയത്. ലേലം ഉറപ്പിച്ച ശേഷം വാക്കുമാറ്റുന്നത് ശരിയല്ലെന്ന് വാഹനം സ്വന്തമാക്കിയ അമലിന്റെ പ്രതിനിധി പറഞ്ഞു.
എന്നാല്‍, 25 ലക്ഷം രൂപയ്‌ക്ക് വരെ വാഹനം സ്വന്തമാക്കാന്‍ വന്ന ആള്‍ക്ക് 15.10 ലക്ഷത്തിന് പിടിക്കാന്‍ പറ്റി. അത് അംഗീകരിക്കണമോയെന്നത് ഭരണസമിതി കൂടിയ ശേഷം മാത്രമേ പറയാന്‍ കഴിയൂവെന്ന് ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ് പറഞ്ഞു.
ഈ മാസം നാലാം തീയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂജറേഷന്‍ എസ് യു വി ഥാര്‍ സമര്‍പ്പിച്ചത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണ് സമര്‍പ്പിക്കപ്പെട്ടത്. വിപണിയില്‍ 13 മുതല്‍ 18 ലക്ഷം വരെ വിലയുള്ളതാണ് വാഹനം.

