ഇരിക്കൂര്‍: കല്യാട് ഊരത്തൂര്‍പറമ്ബില്‍ രണ്ടുവര്‍ഷം മുമ്ബ് തലയോട്ടിയും ശരീരാവയവങ്ങളും വസ്ത്രങ്ങളും കണ്ടെത്തിയ കേസിെന്റ ചുരുളഴിയുന്നു. ചെങ്കല്‍പണയില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശി സയ്യിദ് അലിയുടെ (20) തിരോധാനവുമായി ബന്ധപ്പെട്ട കേസന്വേഷണത്തില്‍ അസം ഗുവാഹതിക്കടുത്ത ബെര്‍പേട്ട ജില്ലയിലെ സാദിഖ് അലിയെ (21) ഇരിക്കൂര്‍ സ്റ്റേഷന് ഹൗസ് ഓഫിസര്‍ മുനീര്‍, എസ്.ഐ നിധീഷ് എന്നിവര്‍ അറസ്റ്റുചെയ്തു.
2018ലാണ് ഊരത്തൂര്‍ ചെങ്കല്‍പണയുടെ സമീപത്തുനിന്ന് ആദ്യം തലയോട്ടി കണ്ടെത്തിയത്. അടുത്ത ദിവസങ്ങളില്‍ ശരീരാവയവങ്ങളും വസ്ത്രങ്ങളും കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും അവയവങ്ങള്‍ ശാസ്ത്രീയ പരിശോധനക്കയക്കുകയും ചെയ്തിരുന്നു.
പരിശോധനയില്‍ ഊരത്തൂര്‍ ഗവ. ആരോഗ്യ കേന്ദ്രത്തിന് സമീപത്തെ വാടക മുറിയില്‍ താമസിച്ചിരുന്ന സയ്യിദ് അലിയുടേതാണ് തലയോട്ടിയും അവയവങ്ങളുമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചെങ്കല്‍പണയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ നാട്ടിലേക്ക് പോയെന്നാണ് കൂടെ ജോലി ചെയ്യുന്നവരും നാട്ടുകാരും കരുതിയത്. സയ്യിദ് അലിയുടെ മരണം കൊലപാതകമാണെന്ന സംശയമുയര്‍ന്നുവെങ്കിലും അതിനെ ബലപ്പെടുത്തുന്നതിനുള്ള തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.
കൃത്യം നടന്നതിനുശേഷം ഇവിടെനിന്നു മുങ്ങിയ സാദിഖ് അലി രണ്ട് ദിവസത്തിനുശേഷം വസ്ത്രങ്ങളും മറ്റ് സാധനങ്ങളും എടുക്കാനെന്ന പേരില്‍ വീണ്ടും ഊരത്തൂരിലെത്തി സയ്യിദ് അലിയുടെ മുറിയില്‍ കയറി മൊബൈല്‍ ഫോണും പണവും കവര്‍ന്ന് അസമിലേക്ക് കടന്നിരുന്നു. മരിച്ച സയ്യിദ് അലി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്‍ വഴി ഇരിക്കൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബെര്‍പേട്ട മാര്‍ക്കറ്റില്‍വെച്ച് സാദിഖ് അലിയെ പിടികൂടി ഇരിക്കൂറിലെത്തിച്ചിരുന്നു.
2018 ജനുവരി 27 മുതല്‍ സയ്യിദ് അലിയുടെ തിരോധാനവും സാദിഖ് അലി നാട്ടിലേക്ക് വണ്ടി കയറിയതുമാണ് ഇദ്ദേഹം പൊലീസിെന്റ നോട്ടപ്പുള്ളിയായത്. എന്നാല്‍, കൊലപാതകം സംബന്ധിച്ച് പൊലീസിന് കൂടുതല്‍ തെളിവുകള്‍ ലഭ്യമല്ലാത്തതിനാല്‍ മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ ഇയാള്‍ക്ക് ജാമ്യം ലഭിച്ചു. പിന്നാലെ ഇവിടെനിന്ന് മുങ്ങുകയും ചെയ്തു. ഈ കേസില്‍ വാറന്‍റ് പ്രതിയായ ഇദ്ദേഹം വീണ്ടും ഊരത്തൂരിലെത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്.
ചോദ്യം ചെയ്യലില്‍, ഇയാള്‍ക്ക് സയ്യിദ് അലിയുമായി അടുത്ത ബന്ധമുണ്ടായിരുന്നതായും സയ്യിദ് അലിയെ കാണാതായ ദിവസം ഇരുവരും ഒന്നിച്ചുണ്ടായിരുന്നതായുമുള്ള നിര്‍ണായക തെളിവുകള്‍ ലഭിച്ചു. ഇരിക്കൂര്‍ താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ സാദിഖ് അലിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

