തലശ്ശേരി: പഴയ ബസ് സ്റ്റാന്‍ഡ് എം.ജി റോഡിലെ ടി.ബി ഷോപ്പിങ് പരിസരത്ത് മുഖത്ത് മുളകുപൊടി വിതറി എട്ട് ലക്ഷം കവര്‍ന്ന കേസില്‍ പ്രധാന പ്രതി പിടിയില്‍. കണ്ണൂര്‍ വാരം വലിയന്നൂര്‍ സ്വദേശി റുഖിയ മന്‍സിലില്‍ അഫ്സലിനെയാണ് (27) തലശ്ശേരി പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിനുശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പണം തട്ടിയശേഷം തലശ്ശേരിയില്‍ നിന്നും മുങ്ങിയ പ്രതിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന പൊലീസ് സംഘം വയനാട്ടില്‍നിന്നാണ് ഇയാളെ പിടികൂടിയത്. ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്, സി.ഐ കെ. സനല്‍കുമാര്‍ എന്നിവര്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്തു.
നവംബര്‍ 16നാണ് നഗരമധ്യത്തില്‍ കവര്‍ച്ച നടന്നത്. പഴയ ബസ് സ്റ്റാന്‍ഡ് എം.ജി റോഡിലെ സഹകരണ ബാങ്കില്‍ പണയം െവച്ചിരുന്ന സ്വര്‍ണാഭരണങ്ങളെടുക്കാനായി എത്തിയവരുടെ എട്ട് ലക്ഷം രൂപയാണ് കൊള്ളയടിക്കപ്പെട്ടത്.
സ്വര്‍ണമെടുക്കാനായി ധര്‍മടം സ്വദേശി റഹീസും തോട്ടുമ്മല്‍ സ്വദേശി മുഹമ്മദലിയും കണ്ണൂര്‍ സ്വദേശി നൂറു തങ്ങളുമാണ് തലശ്ശേരിയിലെത്തിയത്. ഇതില്‍പെട്ട നൂറു തങ്ങളുടെ സഹായത്തോടെയാണ് കവര്‍ച്ച നടന്നത്. ചക്കരക്കല്ലിലെ ജ്വല്ലറിയില്‍നിന്നാണ് പണയാഭരണമെടുക്കാനുള്ള തുക ഇവര്‍ക്ക് നല്‍കിയത്.
ജ്വല്ലറി ജീവനക്കാരനും ഇവരോടൊപ്പമുണ്ടായിരുന്നു. മുഹമ്മദലിയെയും ജ്വല്ലറി ജീവനക്കാരനെയും കാറിലിരുത്തിയ ശേഷം റഹീസും നൂറു തങ്ങളും ഒന്നാം നിലയിലുള്ള ബാങ്കിലേക്ക് കോണിപ്പടി കയറവേ മറ്റ് രണ്ടുപേര്‍ക്കൊപ്പം നൂറു തങ്ങളും ചേര്‍ന്ന് റഹീസിെന്റ മുഖത്ത് മുളകുപൊടി വിതറി പണം കവര്‍ന്നുവെന്നാണ് പരാതി. കവര്‍ച്ച സംഘത്തിലെ പച്ച ഷര്‍ട്ടിട്ടയാള്‍ പോസ്റ്റ് ഓഫിസ് റോഡിലൂടെ പണക്കെട്ടും കൈയില്‍ പിടിച്ച് വേഗത്തില്‍ ഓടുന്നതിെന്റ ദൃശ്യങ്ങള്‍ സമീപമുള്ള കടയിലെ സി.സി.ടി.വിയില്‍ നിന്നും പൊലീസിന് ലഭിച്ചിരുന്നു.
സംഭവത്തില്‍ രണ്ട് പ്രതികള്‍ ഇനിയും പിടിയിലാവാനുണ്ട്. ഇവരില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയിലായതായും സൂചനയുണ്ട്.

