‘സ്റ്റുവര്‍ട്ട് ബ്രോഡിനെപ്പറ്റി പറയുമ്ബോഴെല്ലാം ട്വന്റി20 ലോകകപ്പിലെ 6 സിക്സറുകളെപ്പറ്റിയാണു പലരും ചര്‍ച്ച ചെയ്യുന്നത്. പക്ഷേ, ഇത്തവണ അതുവേണ്ട. എല്ലാവരും ബ്രോഡിനുവേണ്ടി കയ്യടിക്കണം. ടെസ്റ്റില്‍ 500 വിക്കറ്റെന്ന നേട്ടം ചില്ലറയല്ല. എന്തുമാത്രം അധ്വാനവും സമര്‍പ്പണവും അതിനു പിന്നിലുണ്ട്. , നിങ്ങളൊരു ഇതിഹാസമാണ്. നമോവാകം’ – ടെസ്റ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കിയ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ് ട്വിറ്ററില്‍ കുറിച്ചതിങ്ങനെ.
ടെസ്റ്റില്‍ 500 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന 7-ാമത്തെ മാത്രം ബോളറാണു ബ്രോഡ്. 2007ലെ ട്വന്റി20 ലോകകപ്പ് മത്സരത്തിലാണ് അന്ന് ഇരുപത്തൊന്നുകാരനായ ബ്രോഡിന്റെ ഓവറിലെ 6 പന്തുകളും യുവരാജ് സിക്സറിനു പറത്തിയത്. യുവരാജ് വിരമിച്ചപ്പോള്‍ ‘ഇതിഹാസമേ, വിശ്രമജീവിതം ആഘോഷിക്കൂ’ എന്നു ബ്രോഡ് ട്വീറ്റ് ചെയ്തിരുന്നു.

