കേരളകൌമുദി ചീഫ് എഡിറ്റര്‍ എം.എസ്.രവി അന്തരിച്ചു

തിരുവനന്തപുരം: കേരളകൌമുദി ചീഫ് എഡിറ്റര്‍ എം.എസ്.രവി (68) അന്തരിച്ചു. ഉച്ചയോടെ കേരളകൌമുദി അങ്കണത്തിലെ സ്വവസതിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്കാരം പിന്നീട്. പത്രാധിപര്‍ കെ.സുകുമാരന്‍റെ ഇളയമകനാണ് എം.എസ്.രവി. സാമൂഹിക,​ സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു. കേരളകൗമുദി ഡയറക്ടറുമാണ്. ശൈലജയാണ് ഭാര്യ. കേരളകൌമുദി എഡിറ്റര്‍ ദീപു രവി, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ദര്‍ശന്‍ രവി എന്നിവര്‍ മക്കളാണ്. കലാകൌമുദി സ്ഥാപകപത്രാധിപര്‍ എം.എസ്.മണി, പരേതരായ എം.എസ്. മധുസൂദനന്‍, എം.എസ്.ശ്രീനിവാസന്‍ എന്നിവര്‍ സഹോദരങ്ങളാണ്.