
തിരുവനന്തപുരം: എയര്‍ ഇന്ത്യ ജീവനക്കാരനെതിരായ വ്യാജ പീഡന പരാതിയില്‍ കൂടുതല്‍ നടപടികള്‍ക്കൊരുങ്ങി ക്രൈംബ്രാഞ്ച്. എയര്‍ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഉമാ മഹേശ്വരി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ സിബുവിനെതിരായ പരാതി അന്വേഷിച്ച ഐ.സി.സി (ഇന്‍്റേണല്‍ കംപ്ലയ്ന്‍്റ്ന്‍്റ് കമ്മിറ്റി) അംഗങ്ങളില്‍ നിന്നാണ് വീണ്ടും മൊഴിയെടുക്കുന്നത്. ഈ വര്‍ഷം ജനുവരിയിലും ഇവരില്‍ നിന്നും മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്.
നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്ന അറസ്റ്റിലായ സാഹചര്യത്തിലാണ് വീണ്ടും സമഗ്രമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനായ സിബുവിനെ പുറത്താക്കാന്‍ വ്യാജ ലൈംഗികാരോപണ പരാതി ഉണ്ടാക്കിയെന്നാണ് കേസ്.
സിബുവിനെതിരെ 17 വനിതാ ജീവനക്കാര്‍ ഒപ്പിട്ട് നല്‍കിയ പരാതി വ്യാജമെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. പരാതിയില്‍ ഒപ്പിട്ട 16 പേരും തങ്ങളല്ല പരാതി നല്‍കിയതെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.
ഉദ്യോഗസ്ഥനെതിരെ മൊഴി നല്‍കാന്‍ സ്വപ്ന ആള്‍മാറാട്ടം നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. സ്വപ്നയെ പ്രതിയാക്കി കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
